സുൽത്താൻ ബത്തേരി: രാഹുൽ ഗാന്ധി എം.പി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. ചാണ്ടി ഉമ്മൻ കോൺഗ്രസ്സിന്റെ അഭിമാന സ്ഥാനാർത്ഥിയാണ്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും. ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം മുഴുവൻ ദൂരവും നടന്ന നേതാവാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ഇന്നലെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്. വയനാട്ടിൽ നിന്ന് രാഹുൽ പുതുപ്പള്ളിയിലേക്ക് വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ കെ സി വേണുഗോപാലിന്റെ സ്ഥിരീകരണം വന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വയനാട്ടിൽ രാഹുലിനെ സ്വീകരിക്കാൻ വൻ ജനാവലിയാണ് കൽപറ്റയിലെത്തിയത്. “വയനാട് എന്റെ കുടുംബമാണ്. ഞാനും വയനാടും തമ്മിലുള്ള ബന്ധത്തെ പൊട്ടിച്ചെറിയാൻ ബിജെപിക്ക് ഒരിക്കലും കഴിയില്ല. പ്രതിസന്ധിഘട്ടങ്ങളിലാണു കുടുംബാംഗങ്ങളുടെ ഇഴയടുപ്പം ശക്തമാകുക. ഞാനിപ്പോൾ എന്റെ കുടുംബത്തിലേക്കു തിരിച്ചുവന്നിരിക്കുന്നു. മാതാപിതാക്കളെ മക്കളിൽ നിന്നും സഹോദരങ്ങളെ പരസ്പരവും അകറ്റാൻ ശ്രമിച്ചാലും അവർ തമ്മിലുള്ള ബന്ധം ശക്തമാകുകയേയുള്ളൂ.
ബിജെപിക്കും ആർഎസ്എസിനും കുടുംബബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനാകില്ല. രാഹുലിനെ അയോഗ്യനാക്കിയാൽ രാഹുലും വയനാടും തമ്മിലുള്ള ബന്ധം ഇല്ലാതാകുമെന്നാണ് അവർ കരുതിയത്”- രാഹുൽ പറഞ്ഞു. അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായ രാഹുൽ എംപി അംഗത്വം തിരിച്ചുകിട്ടിയ ശേഷം ഇതാദ്യമായാണ് വയനാട്ടിലേക്ക് വരുന്നത്.