പാലക്കാട്:ഗർഭഛിദ്രം യുവതിയുടെ ഇഷ്ടപ്രകാരമാണെന്നും അത് തെളിയിക്കുന്ന രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നുമാണ് ബലാത്സംഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ. കേസെടുത്ത് രണ്ടാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്.അഭിഭാഷകൻ പറയുന്നതനുസരിച്ച്, ഇന്നലെ വക്കാലത്ത് ഒപ്പിടുന്നതിനായി രാഹുൽ തിരുവനന്തപുരത്തെത്തിയതായി പറയുന്നു. യുവതിയുടെ പരാതിയെ വ്യാജമെന്ന് തെളിയിക്കുന്ന തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശബ്ദരേഖകളും വാട്‌സ്ആപ്പ് ചാറ്റുകളും ഉൾപ്പെടുന്ന ഡിജിറ്റൽ തെളിവുകൾ ഗർഭഛിദ്രം യുവതിയുടെ സമ്മതപ്രകാരമാണെന്നത് വ്യക്തമാക്കുമെന്നുമാണ് അവകാശവാദം.അതേസമയം, രാഹുലിനെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. യുവതി പരാതി നൽകിയ ബുധനാഴ്ച വൈകിട്ട് 5.30ന് ‘സത്യമേവ ജയതേ’ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചതിനുശേഷമാണ് രാഹുൽ പൊലീസിന്റെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ച് മുങ്ങിയത്. ഇതുവരെ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വക്കാലത്ത് ഒപ്പിടാൻ തിരുവനന്തപുരത്ത് എത്തിയെന്ന അഭിഭാഷകന്റെ പ്രസ്താവനയ്‌ക്കെതിരെ പൊലീസ് സംശയം പ്രകടിപ്പിക്കുന്നു. ഒളിവിൽ അല്ലെന്ന് വരുത്തി മുൻകൂർ ജാമ്യാപേക്ഷയിൽ അനുകൂല വിധി നേടാനായി രാഹുൽ–അഭിഭാഷകൻ കൂട്ടുകെട്ട് മെനയുന്ന നാടകം മാത്രമാണെന്നതാണ് പൊലീസ് വിലയിരുത്തൽ. വഞ്ചിയൂരിലെ ഓഫീസിലോ കിളിമാനൂരിലെ ബന്ധുവീട്ടിലോ ഒപ്പിട്ടതാണെന്ന വൈരുദ്ധ്യവും പൊലീസിന് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.ഇതിനിടെ, രാഹുലിന്റെ പാലക്കാട്ടെയുള്ള എം.എൽ.എ ഓഫീസ് ഇന്ന് തുറന്നു. ഇന്നലെ കാണാതിരുന്ന ഡ്രൈവർ ആൽവിനും പഴ്‌സണൽ അസിസ്റ്റന്റ് ഫസലും ഇന്നലെ ഓഫീസിൽ വന്നു. ഒളിവിലുള്ള എം.എൽ.എ എവിടെയെന്നതിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ പൊലീസ് സംസ്ഥാനമെങ്ങും ഷാഡോ പൊലീസ് സംഘങ്ങളെ ജാഗ്രതയിൽ നിർത്തി.
രാഹുൽ പിടിയിലായാൽ അറസ്റ്റുചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.


