പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മണ്ഡലത്തിലേക്ക്. രാഹുൽ ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. രാഹുലിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ ഉൾപ്പടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ ഉണ്ടെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരി ആരോപിക്കുന്നു. യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ ബലാത്സംഗ കേസിലായിരുന്നു മുൻകൂർ ജാമ്യം. ഈ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം അനുവദിച്ചത് നിയമ വിരുദ്ധം ആണെന്ന് ഹർജിയിൽ വാദിക്കുന്നു. രാഹുൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്നത് തന്റെ ജീവന് ഭീഷണി ആണെന്നും പരാതിക്കാരി പറയുന്നു. ഹൈക്കോടതി രാഹുലിന്റെ ഹർജിയിൽ മിനി വിചാരണ നടത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.
കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പരാതിക്കാരിക്കെതിരായ പരാമര്‍ശങ്ങള്‍ അനുചിതവും നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നുണ്ട്. കേസിലെ ആദ്യ പരാതിക്കാരിക്കായി അഭിഭാഷകൻ കെആര്‍ സുഭാഷ് ചന്ദ്രൻ ആണ് ഹര്‍ജി സമര്‍പ്പിച്ചത്.


