മഴക്കാല രോഗങ്ങളെ അറിയാം, പ്രതിരോധിക്കാം, ചെറുത്ത് തോൽപ്പിക്കാം : രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക : കോഴിക്കോട് ആസ്റ്റർ മിംസ്, ജനറൽ മെഡിസിൻ, സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ജെഷീറ മൊഹമ്മദ്‌ കുട്ടി

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ പത്തുദിവസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചരിത്രം പരിശോധിക്കുകയാണെങ്കിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് എല്ലാ വർഷവും ആവർത്തിച്ചുവരുന്ന ഒരു സാധാരണ അനുഭവമാണ്. മിക്ക ആളുകൾക്കും പനിയിൽ നിന്നും മറ്റു ലക്ഷണങ്ങളിൽ നിന്നും വൈദ്യസഹായം ഇല്ലാതെ തന്നെ ഒരാഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കുവാൻ സാധിക്കുന്നു. എന്നാൽ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ആരോഗ്യപ്രവർത്തകർ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർ ഉൾപ്പെടുന്ന ഉയർന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുകളിൽ ഇത് ഗുരുതരമായ രോഗത്തിനോ, മരണത്തിനോ കാരണമാകാം. 

Advertisements

ഈ വർഷം ഇതുവരെ 15 ഓളം ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിതരുടെ കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളേയും കണക്കുകൾ കൂടി പരിശോധിച്ചാൽ ഇതിലും അധികം വരുമെന്നാണ് മറ്റൊരു വസ്തുത. എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് കൂടുതലും ജീവഹാനി വരുത്തുന്നത്. ജൂൺ മാസം ആകുന്നതോടെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മുൻ അനുഭവപ്രകാരം പനി ക്ലിനിക്കുകൾ ആരംഭിക്കാറുണ്ട്. അതോടൊപ്പം സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പ്രോട്ടോക്കോളും ലഭ്യമാക്കാറുണ്ട്. അതിനാൽ പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ആരോഗ്യ സംവിധാനങ്ങളുടെ സഹായത്തോടെ ചികിത്സ തേടുന്നത് ഏറ്റവും ഉത്തമമാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പനിയും പകർച്ചവ്യാധികളും പകരുന്നതിന് മുമ്പ് പരിസരം ശുചിയായി സൂക്ഷിക്കുന്നതും, വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതും രോഗങ്ങൾ വരുന്നതിനും ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്നതിനുമുള്ള സാധ്യത ഒഴിവാക്കും. കൊതുകടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണം മഴക്കാലങ്ങളിൽ വീടിന് പുറത്ത് കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക, സംരക്ഷണം ലഭിക്കുന്നതിന് ശരീരത്തിൽ പുരട്ടുന്ന ലേപനങ്ങൾ, ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നത് ഒരു പരിധിവരെ നല്ലതാണ്. മഴക്കാലത്ത് കവിഞ്ഞൊഴുകുന്ന മലിനജലം കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്തുന്നതോടെ വെള്ളത്തിലൂടെയുള്ള രോഗങ്ങൾക്കും സാഹചര്യമൊരുങ്ങുന്നു. 

ഇതോടൊപ്പം കേരളത്തിൽ പടരുന്ന പനി സംബന്ധമായ രോഗങ്ങളെയും രോഗലക്ഷണങ്ങളെയും മനസ്സിലാക്കി വയ്ക്കുന്നത് വളരെയധികം ഗുണം ചെയ്യും. 

ജലദോഷം : മഴക്കാലത്ത് വൈറസ് വഴി പകരുന്ന സാധാരണ പനിയാണിത്. കാറ്റേൽക്കുമ്പോഴും ,  മഴ നനയുമ്പോഴും മിക്കവരിലും ഇതുണ്ടാകാറുണ്ട്. തൊണ്ടവേദന, മൂക്കടപ്പ്, തുമ്മൽ, മൂക്കൊലിപ്പ്, ഇവയാണ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പൂർണമായി മാറുന്നതാണ്. അതോടൊപ്പം തുടക്കത്തിൽ തന്നെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുന്നത് അവരിലേക്ക്‌ രോഗം പകരുന്നത് തടയും.

കോവിഡ് : പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ. വിശ്രമവും, ഒപ്പം വീട്ടിലുള്ള പ്രായമുള്ളവർക്കും കുട്ടികളിലേക്കും പകരാതിരിക്കാൻ മുൻകരുതൽ എടുക്കുന്നത് ഏറ്റവും നല്ലതാണ്. 

വൈറൽ പനി : വായുവിലൂടെയാണ് വൈറൽ പനി പകരുന്നത്. തൊണ്ടവേദന, തുമ്മൽ, കടുത്ത തലവേദന, ശരിരവേദന, ക്ഷീണം എന്നിവയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ. വൈറൽ പനി ബാധിച്ചാൽ ചികിത്സ തേടുകയും, വിശ്രമിക്കുകയും ചെയ്യേണ്ടിവരും. വൈറൽ പനി ആസ്തമ രോഗികളിൽ ബുദ്ധിമുട്ടുകൾ വർദ്ദിപ്പിക്കുകയും, ന്യൂമോണിയയിലേക്കു മാറാനുള്ള സാധ്യതയും കൂടുതലാണ്. 

ടൈഫോയിഡ് : ഭക്ഷണത്തിലൂടെയും മലിനജലം കലർന്ന കുടിവെള്ളത്തിലൂടെയും പകരുന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ്. തുടക്കത്തിൽ ലക്ഷണങ്ങൾ കുറവാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ അപകടം. ആ ദിവസങ്ങളിൽ പനി തുടങ്ങി രണ്ടാഴ്ച കഴിയുമ്പോൾ ക്ഷീണം വർദ്ധിക്കുന്നു. കുടലിൽ വ്രണങ്ങൾ ഉണ്ടാകുന്നതു മൂലം വയറുവേദന, മലം കറുത്ത നിലയിൽ പോവുക, വിശപ്പില്ലായ്മ കടുത്ത ക്ഷീണം എന്ന ലക്ഷണങ്ങളിലേക്ക് എത്തിച്ചേരുന്നു. രോഗം മാറിയാലും  വിസർജ്യത്തിലൂടെ രോഗം പകരുന്നതിനുള്ള സാധ്യത കുറച്ചു കാലം കൂടി നീണ്ടുനിൽക്കും. ശ്രദ്ധാപൂർവ്വമായ ആഹാരക്രമവും ടോയ്‌ലെറ്റിൽ പോയതിനു ശേഷവും, ആഹാരത്തിന് മുൻപും നന്നായി കൈകഴുകുന്ന ശീലം രോഗം വരാതെ പ്രതിരോധിക്കാൻ ഒരു പരിധിവരെ സഹായിക്കും. 

എലിപ്പനി: വൈറൽ പനി പോലെ തോന്നിപ്പിക്കുന്നതും എന്നാൽ രോഗിയെ ഗുരുതരാവസ്ഥയിൽ എത്തിക്കുന്നതുമായ പനികളിൽ ഒന്നാണിത്. ‘ലെപ്റ്റോസ് സ്പൈറോസിസ്’ എന്ന ബാക്ടീരിയ ആണ് എലിപ്പനിക്ക് കാരണം. മലിന ജലത്തിൽ ചവിട്ടുമ്പോൾ കാലിലെ ചെറിയ മുറിവുകൾ വഴി അണുക്കൾ  ശരീരത്തിൽ എത്തുന്നു. ശക്തമായ പനി, വിറയൽ, തളർച്ച, ശരീരവേദന, ചർദ്ദി, മനംപുരട്ടൽ, കണ്ണിനു ചുവപ്പു നിറം, ശരീരത്തിൽ മഞ്ഞനിറം, മൂത്രം കടുത്ത നിറത്തിൽപോകുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും അടിയന്തര ചികിത്സ തേടേണ്ടതാണ്. 

ഡെങ്കിപ്പനി: കൊതുക് വരുത്തുന്നതും ഏറ്റവും അധികം പേരിൽ ഉണ്ടാകുന്നതുമായ പനിയാണിത്. കഠിനമായ പനി, അസഹ്യമായ തലവേദന, അസ്ഥികളിലും സന്ധികളിലും വേദന, കണ്ണുകളുടെ പിന്നിൽ വേദന, വിശപ്പില്ലായ്മ, ചുവന്ന പാടുകൾ എന്നിവയാണ് രോഗലക്ഷണങ്ങൾ. മുൻപ് ഡെങ്കു ഉണ്ടായവരിൽ രോഗം ഗുരുതരമാകുന്നതിന് സാധ്യതയുണ്ട്. ഗർഭിണികളും, നവജാത ശിശുക്കളും പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധയുണ്ടായാൽ നിർജലീകരണം തടയാൻ പരമാവധി ശ്രദ്ധിക്കണം. കൊതുക് പ്രജനനം തടയുക എന്നതാണ് രോഗം വരാതിരിക്കാനുള്ള മാർഗ്ഗം. ലക്ഷണങ്ങൾ മൂന്നു ദിവസത്തിനകം നീണ്ടുനിൽക്കുകയോ മൂക്കിലോ മോണയിലോ വിസർജ്യങ്ങളിലോ രക്തം കാണപ്പെട്ടാൽ ഉടനെ വൈദ്യ സഹായം തേടേണ്ടതാണ്. 

എച്ച് 1 എൻ 1: വായുവിലൂടെ പകരുന്ന വൈറസ് രോഗമാണിത്. ആദ്യകാലങ്ങളിൽ ലക്ഷണങ്ങൾ ഉണ്ടാവുകയില്ല തുടർന്ന് പനിക്കും തൊണ്ടവേദനയ്ക്കും ചർദ്ദിക്കും ഒപ്പം പേശികളിലും സന്ധികളിലും ശക്തമായ വേദനയുണ്ടാവും. വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അസുഖം പകരുകയും ചെയ്യും. നിലവിൽ മറ്റു രോഗങ്ങൾ ഉള്ളവർക്ക് എച്ച് 1 എൻ 1 പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. 

ചിക്കുൻഗുനിയ : കൊതുക് പരത്തുന്ന മറ്റൊരു രോഗമാണ് ഇത് വൈറസാണ് രോഗാണു. ഡെങ്കു പനിയുടെ രോഗലക്ഷണങ്ങളോടൊപ്പം ശക്തമായ സന്ധിവേദനയും, ചലനം പ്രയാസമാകുന്ന വിധത്തിൽ കാൽമുട്ട്, കൈക്കുഴ, വിരലുകൾ, കഴുത്ത്, നടുവ് എന്നീ ഭാഗങ്ങളൊക്കെ വേദനയുണ്ടാകും. വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടുണ്ടാവും നല്ലൊരുഭാഗം ആളുകളിലും സന്ധിവേദന മാറുന്നില്ല എന്നത് അനുബന്ധ പ്രശ്നമായി പറയുന്നത് കൊണ്ട് രോഗം വരാതിരിക്കാൻ വളരെയധികം സൂക്ഷിക്കേണ്ടതാണ്. 

പബ്ലിക് ഹെൽത്ത് മാനേജ്മെന്റിലും , മറ്റു അനുബന്ധ ആരോഗ്യ സൂചികകളിലും കേരളം ഒരു മാതൃകയാണെങ്കിലും മൺസൂൺ കാലത്തു പകർച്ചവ്യാധി ഉണ്ടാകുന്നതു ആവർത്തിച്ചുണ്ടാകുന്ന കാഴ്ചയാണ്. 

സാംക്രമിക രോഗങ്ങൾ തടയുന്നതിനായി വിവിധ ഏജൻസികൾ സർക്കാർതലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്, അതോടൊപ്പം പൊതുജനകളുടെ ശ്രദ്ധയും, മുൻകരുതലും ഉണ്ടായാൽ മാത്രമേ ഈ ആവർത്തിച്ചുവരുന്ന അപകടം ഒഴിവാക്കാൻ സാധിക്കൂ. 

കൃത്യസമയത്തു ഉചിതമായ ചികിത്സ ലഭിക്കാത്തതാണ് പനി മാരകമാകുന്നതിനു പലപ്പോഴും കാരണമാകുന്നത്.  പ്രതിരോധമാണ് ചികിത്സയേക്കാൾ അഭികാമ്യം എന്നത് പനിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. വ്യക്തി ശുചിത്വം പാലിക്കുകയും,  പരിസരം ശുചിയാക്കുന്നതിൽ ശ്രദ്ദിക്കുകയും,  ഭക്ഷണം വെള്ളം എന്നിവ മലിനമല്ല എന്ന് ഉറപ്പുവരുത്തുകയും, യഥാസമയം ഔഷധങ്ങളുടെ ഉപയോഗം ലഭ്യമാക്കുന്നതിലൂടെയും പനിയുടെ കടന്നുവരവിനെ പ്രതിരോധിക്കുന്നതിനു സാധിക്കും.

വിവരങ്ങൾക്ക് കടപ്പാട് :  ഡോ. ജെഷീറ മൊഹമ്മദ്‌ കുട്ടി, സീനിയർ സ്പെഷ്യലിസ്റ്റ്, ജനറൽ മെഡിസിൻ, ആസ്റ്റർ മിംസ്, കോഴിക്കോട്

Hot Topics

Related Articles