കാസർകോട്: ആർടിഒ ഓഫീസ് വരാന്തയിലെ ചെടിച്ചട്ടിയില്‍ ചെടിക്കൊപ്പം കണ്ടെത്തിയത് ഒളിപ്പിച്ചു വെച്ച നിലയില്‍ അഞ്ഞൂറിന്‍റെ നോട്ടുകള്‍. കാസർകോട് ആർടിഒ ഓഫീസില്‍ വിജിലൻസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച 17150 രൂപ കണ്ടെടുത്തത്. ആർടിഒ ഓഫീസുകളില്‍ വിജിലൻസ് മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്. പരിശോധനയില്‍ നിരവധി രേഖകളും പിടിച്ചെടുത്തു. കാഞ്ഞങ്ങാട് ആർടിഒ ഓഫീസ് സ്റ്റാഫിന്‍റെ കൈയ്യില്‍ നിന്ന് അപേക്ഷകള്‍, രേഖകള്‍, ഏജന്‍റുമാർ നല്‍കേണ്ട 24 ഓളം സമ്മത പത്രങ്ങള്‍ എന്നിവ കണ്ടെടുത്തു. വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ജില്ലയിലെ ആർടിഒ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് റെയ്ഡ് നടത്തിയത്.
ഉച്ചയ്ക്ക് ശേഷവും ഓഫീസുകളില്‍ ഏജന്‍റുമാരുടെ സാന്നിധ്യം തുടരുന്നത് സംശയമുളവാക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിക്കാതെ, ഏജന്‍റുമാർ മുഖേന നല്‍കുന്ന അപേക്ഷകള്‍ മാത്രം അതിവേഗം തീർപ്പാക്കുന്നതായി വിജിലൻസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം നടപടികള്‍ ശക്തമാക്കിയത്. കാസർകോട് ഓഫീസിലെ പരിശോധനയ്ക്ക് ഡിവൈഎസ്പി ഉണ്ണികൃഷ്ണൻ നേതൃത്വം നല്‍കിയപ്പോള്‍, കാഞ്ഞങ്ങാട് ഓഫീസില്‍ ഇൻസ്പെക്ടർ നാരായണനും വെള്ളരിക്കുണ്ട് ഓഫീസില്‍ കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർ സുനില്‍ കുമാറുമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. സംഭവത്തില്‍ വിജിലൻസ് സംഘത്തിന്‍റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.


