റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ കൊലപ്പെടുത്തിയത് മാരക തവള വിഷം നൽകി: ആരോപണം ഉയർത്തി യൂറോപ്യൻ യൂണിയൻ 

ലണ്ടൻ : റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ മാരക തവള വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങള്‍. തെക്കേ അമേരിക്കൻ കാടുകളില്‍ ജീവിക്കുന്ന പോയിസണ്‍ ഡാർട്ട് ഫ്രോഗില്‍ കാണപ്പെടുന്ന നാഡീവ്യൂഹത്തെ തളർത്താൻ ശേഷിയുള്ള ‘എപിബാറ്റിഡീൻ’ എന്ന വിഷവസ്തു നവാല്‍നിയുടെ ഉള്ളിലെത്തിയെന്ന് യു.കെ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചത്. മരണത്തിന് പിന്നില്‍ റഷ്യയാണെന്നും കുറ്റപ്പെടുത്തി. നവാല്‍നിയുടെ ശരീരത്തില്‍ നിന്ന് രഹസ്യമായി ശേഖരിച്ച സാമ്പിളുകള്‍ രണ്ട് വിദേശ രാജ്യങ്ങളിലെ ലബോറട്ടറികളില്‍ പരിശോധിച്ചെന്നും വിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നും അദ്ദേഹത്തിന്റെ ഭാര്യ യൂലിയ കഴിഞ്ഞ സെപ്തംബറില്‍ അവകാശപ്പെട്ടിരുന്നു.

Advertisements

2024 ഫെബ്രുവരി 16നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായിരുന്ന നവാല്‍നി (47) ആർട്ടിക് മേഖലയിലെ ജയിലില്‍ മരണമടഞ്ഞത്. ബോധരഹിതനായി വീണു. മെഡിക്കല്‍ സംഘമെത്തിയപ്പോഴേക്കും മരിച്ചെന്നാണ് റിപ്പോർട്ട്. എ ന്നാല്‍, പുട്ടിന്റെ അറിവോടെ കൊലപ്പെടുത്തിയെതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. അഭിഭാഷകൻ കൂടിയായ നവാല്‍നിയെ 2020ല്‍ സൈബീരിയയില്‍ വച്ച്‌ ചായയില്‍ മാരക വിഷമായ നോവിചോക്ക് കലർത്തി കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. ഗുരുതരാവസ്ഥയിലായ അദ്ദേഹം ജർമ്മനിയിലെ ചികിത്സയിലൂടെ രക്ഷപ്പെട്ടെങ്കിലും 2021ല്‍ റഷ്യയിലെത്തിയ ഉടൻ ജയിലിലായി. തീവ്രവാദം, വഞ്ചന, അഴിമതിയടക്കമുള്ള വിവിധ കേസുകളിലായി 30 വർഷം തടവാണ് നവാല്‍നിക്ക് വിധിച്ചിരുന്നത്.

Hot Topics

Related Articles