പമ്പ:ശബരിമലയിലെ ഭക്തജനപ്രവാഹ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ കർശന നിരീക്ഷണങ്ങളെ മാനിക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. മണ്ഡല-മകരവിളക്ക് സീസണുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ആറുമാസം മുൻപേ തന്നെ ആരംഭിക്കേണ്ടതായിരുന്നുവെന്നും, ബോർഡ് ഒഴിയുന്ന ഘട്ടമായതുകൊണ്ടാകാം ഇത്തവണ ചില പോരായ്മകൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.സീസണിലെ തിരക്ക് നിയന്ത്രണത്തിനായി ഒരു ‘ഫെസ്റ്റിവൽ മാന്വൽ’ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ജയകുമാർ അറിയിച്ചു.
ശബരിമലയിൽ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് ഉണ്ടായിട്ടില്ലെങ്കിലും ദേവസ്വം ബോർഡിന്റെ ആഭ്യന്തര വകുപ്പുകൾ തമ്മിൽ ഏകോപനത്തിലെ പോരായ്മയാണ് പ്രതിസന്ധികൾക്ക് കാരണമായതെന്നും അദ്ദേഹം വിലയിരുത്തി.പൊലീസിന്റെ ഏകോപന സംവിധാനവും കുറച്ചുകൂടി മെച്ചപ്പെടുത്തണം എന്നാണ് ദേവസ്വം ബോർഡിന്റെ നിർദേശം. ഇന്നലെ ഉണ്ടായ തിരക്ക് അപകടസൂചനയായിട്ടാണ് കാണുന്നതെന്നും ഇത് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാത്തരത്തിലുള്ള നടപടികളും സ്വീകരിക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരുടെയും ദർശനം നിഷേധിക്കില്ലെന്നും, പമ്പയിലും നിലയ്ക്കലും ഭക്തരെ ക്രമീകരിച്ചശേഷമേ ദർശനത്തിന് പ്രവേശനം അനുവദിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്നലെ ശബരിമലയിൽ ക്യൂ നിയന്ത്രണം തകരാറിലായത് വൻ തിരക്കും കലശലുകളും സൃഷ്ടിച്ചു. എട്ട് മണിക്കൂറിലധികം കാത്തുനിന്ന തീർത്ഥാടകരിൽ പലരും കുഴഞ്ഞുവീണതും കുടിവെള്ളം ലഭിക്കാതിരുന്നതും തീർത്ഥാടകർ ആക്ഷേപമുയർത്തുന്ന സാഹചര്യത്തിലേക്ക് നയിച്ചു.ക്യൂ നീങ്ങാതെ വന്നതോടെ നിരവധി ഭക്തർ മരക്കൂട്ടത്തുനിന്ന് വനത്തിലൂടെ ചന്ദ്രാനന്ദൻ റോഡ് വഴി കൂട്ടമായി സന്നിധാനത്തേക്ക് നീങ്ങി. പൊലീസ് ബാരിക്കേഡുകൾ തള്ളിമാറ്റിയും മറികടന്നും മുന്നേറിയ തീർത്ഥാടകർ പതിനെട്ടാം പടിക്ക് മുമ്പിൽ കാത്തുനിന്നവർക്കിടയിലേക്ക് ചേർന്നതോടെ സ്ഥിതി കൂടുതൽ വഷളായി. തിരക്ക് നിയന്ത്രണത്തിലുണ്ടായ പാളിച്ചകളാണ് ഇതിന് കാരണമെന്ന് ശക്തമായ വിമർശനങ്ങൾ ഉയരുന്നു.


