പത്തനംതിട്ട:ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ജനുവരി 12ന് പന്തളത്ത് നിന്നും പുറപ്പെടുന്ന അയ്യന്റെ തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുന്നതിനുള്ള പന്തളം രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം പുണർതം നാൾ നാരായണവർമ്മയെ നിയമിച്ചു. പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണം നാൾ രാമവർമ്മ വലിയരാജയാണ് നിയോഗം നൽകിയത്.പന്തളം ശ്രാംബിക്കൽ കൊട്ടാരത്തിൽ പരേതയായ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കാട്ടു ഇല്ലത്ത് കെ. എൻ. നാരായണൻ നമ്പൂതിരിയുടെയും രണ്ടാമത്തെ മകനാണ് പുണർതം നാൾ നാരായണവർമ്മ.അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ അണ്ടർസെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച നാരായണവർമ്മ 2016 മുതൽ 2023 വരെ പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറിയായി നിയോഗിച്ചു.
2018ലെ ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ ആചാരസംരക്ഷണ പ്രസ്ഥാനങ്ങളിൽ സജീവമായി ഇടപെട്ട അദ്ദേഹം, പന്തളത്ത് സംഘടിപ്പിച്ച ആദ്യ നാമജപ ഘോഷയാത്രയ്ക്കും നേതൃത്വം നൽകി.‘പാലസ് വെൽഫെയർ സൊസൈറ്റി’യുടെ സ്ഥാപക അംഗവും മുൻ ഖജാൻജിയും ആയ നാരായണവർമ്മ, വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര ഉപദേശക സമിതിയിലെ കൊട്ടാരം പ്രതിനിധിയുമാണ്. ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനായ അദ്ദേഹം, നിലവിൽ ആലുവ തന്ത്രവിദ്യാപീഠത്തിന്റെ രക്ഷാധികാരിയായും പ്രവർത്തിച്ചു വരുന്നു.കൂടാതെ, ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെയും തിരുവാഭരണപാത സംരക്ഷണ സമിതിയുടെയും സ്ഥാപകാംഗവും രക്ഷാധികാരിയും കൂടിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാര്യ: രാജലക്ഷ്മി വർമ്മ (വൈക്കം, റിട്ട. എസ്.ബി.ഐ).മക്കൾ: പ്രീതി വർമ്മ (യുഎസ്.), ശ്രീദേവി വർമ്മ.മരുമക്കൾ: അരുണ്‍ രവി വർമ്മ, ശ്രീകാന്ത് നീലകണ്ഠൻ.


