പത്തനംതിട്ട: ശബരിമല ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമിച്ച ദേവസ്വം ജീവനക്കാർ പിടിയില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാർ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായർ (51) എന്നിവരെയാണ് ദേവസ്വം വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇവർ താല്‍ക്കാലിക ജീവനക്കാരാണ്. സന്നിധാനം പൊലീസിന് ഇവരെ കൈമാറിയിട്ടുണ്ട്.
ജോലികഴിഞ്ഞ് ഇറങ്ങുമ്പോള്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടതോടെയാണ് സംശയം തോന്നിയത്. വിദേശ കറൻസികളില്‍ കോട്ടിംഗ് ഉള്ളതിനാല്‍ വായില്‍ ഇട്ടാലും നശിക്കില്ലെന്നാണ് ദേവസ്വം വിജിലൻസ് പറയുന്നത്. ഗോപകുമാറില്‍ നിന്ന് മലേഷ്യൻ കറൻസിയും സുനിലില്‍ നിന്ന് യുറോ, കനേഡിയൻ, യുഎഇ കറൻസികളുമാണ് പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർ താമസിച്ചിരുന്ന മുറികളില്‍ നടത്തിയ പരിശോധന നടത്തിയിരുന്നു. ഗോപകുമാറിന്റെ ബാഗില്‍ നിന്ന് 500 രൂപയുടെ 27 നോട്ടും 100ന്റെ രണ്ടുനോട്ടും ഇരുപതിന്റെ നാല് നോട്ടും പത്തിന്റെ നാല് നോട്ടും ഉള്‍െപ്പടെ 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വർണലോക്കറ്റും കണ്ടെടുത്തു. സുനിലിന്റെ ബാഗില്‍ നിന്ന് 500 രൂപയുടെ 50 നോട്ടും 17 വിദേശ കറൻസികളും അടക്കം 25,000 രൂപ കണ്ടെടുത്തതായി വിജിലൻസ് എസ് പി വി സുനില്‍കുമാർ അറിയിച്ചു.


