മലയാളികളുടെ പ്രിയതാരങ്ങളാണ് സായ് കുമാറും ബിന്ദു പണിക്കരും. ഏതാനും വർഷങ്ങള്‍ക്ക് മുൻപ് ആയിരുന്നു സ്ക്രീനിലെ താരങ്ങള്‍ ജീവിതത്തിലും ഒന്നായത്. ഇതിന്റെ പേരില്‍ ചെറിയ വിമർശനങ്ങള്‍ വന്നെങ്കിലും പിന്തുണയുമായി നിരവധി പേർ എത്തിയിരുന്നു. പിന്നാലെ ഇരുവരും ഒന്നിച്ച് പല വേദികളിലും എത്തിയതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിട്ടുണ്ട്. സിനിമകളില്‍ സജീവമാണെങ്കിലും ആരോഗ്യപ്രശ്നങ്ങളും സായ് കുമാറും ബിന്ദു പണിക്കരും നേരിടുന്നുണ്ട്. നിലവില്‍ ഒരു ആയുർവേദ ചികിത്സയിലാണ് ദമ്പതികള്‍.
ഈ അവസരത്തില്‍ തങ്ങളുടെ അസുഖ വിവരം എന്താണെന്ന് പറയുകയാണ് സായ് കുമാറും ബിന്ദു പണിക്കരും. ഡയല്‍ കേരള എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ഇവരുടെ പ്രതികരണം. കാലിലെ സ്പർശം പോലും നഷ്ടമായ തങ്ങള്‍ ഇപ്പോള്‍ ആരും പിടിക്കാതെ നടക്കാൻ തുടങ്ങിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
‘നടക്കാനുള്ള ബുദ്ധിമുട്ടായാണ് ചികിത്സ തേടിയത്. ഒരുപാട് സ്ഥലങ്ങളില്‍ ചികിത്സ തേടിയെന്നും മടുത്തിരിക്കുന്ന സമയത്താണ് ശില സന്തോഷ് ഈ ഒരു സ്ഥലത്തെ കുറിച്ച് പറയുന്നത്. മൊത്തത്തില്‍ കുറച്ച് കുഴപ്പങ്ങളുണ്ട്. നിലവിലെ കണ്ടീഷനായത് കൊണ്ട് എന്തെങ്കിലും ഹോപ്പ് ഉണ്ട്. അതു കഴിഞ്ഞാണെങ്കില്‍ ഇങ്ങോട്ട് വന്നിട്ട് കാര്യവുമില്ല. നേരത്തെ രണ്ട് പേര് പിടിച്ചാലെ നിക്കാൻ പറ്റുമായിരുന്നുള്ളൂ. ഇപ്പോള്‍ തനിച്ച് നടക്കാം. അതുതന്നെ വലിയ ഭാഗ്യം’, എന്ന് സായ് കുമാർ പറയുന്നു.