സഞ്ജു ചേട്ടാ സൂപ്പറാണ്…! സഞ്ജു വീണ്ടും തിളങ്ങി, സെമിയിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ; ഞായറാഴ്ച ന്യൂസിലൻഡിനെ നേരിടും

മുംബൈ: തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു തിളങ്ങിയതോടെ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ലോകകപ്പ് ട്വന്റി 20 ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. സ്‌കോർ – ഇന്ത്യ 253 ന് ഏഴ്. ഇംഗ്ലണ്ട് 246 – 7- 42 പന്തിൽ 89 റൺ നേടിയ സഞ്ജുവാണ് ഇന്ത്യയുടെ താരമായത്.

Advertisements

ടോസ് നേടിയ ഇംഗ്ലണ്ട് സെമിയിൽ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. സഞ്ജുവിന്റെ വെടിക്കെട്ടോടെയാണ് ഇന്ത്യൻ ഇന്നിംങ്‌സിന് തുടക്കമിട്ടത്. സഞ്ജുവിന് ഭീഷണിയാകുമെന്ന് പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ ആർച്ചറെ സിക്‌സറിനും ഫോറിനും തൂക്കിയാണ് സഞ്ജു സ്വീകരിച്ചത് തന്നെ. മികച്ച ഫോമിലുള്ള സഞ്ജുവിനെ ആർച്ചറിന്റെ പന്തിൽ പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും ഹാരി ബ്രൂക്ക് താഴെയിട്ടത് പിന്നീട് ഇംഗ്ലണ്ടിന് വിനയായി. തൊട്ടടുത്ത പന്ത് സിക്‌സറിനു പറത്തിയാണ് സഞ്ജു ആർച്ചറിനെയും ഇംഗ്ലണ്ടിനെയും ഞെട്ടിച്ചത്. ഇന്ത്യൻ സ്‌കോർ 160 ൽ എത്തിച്ച ശേഷം 13 ആം ഓവറിന്റെ ആദ്യ പന്തിലാണ് സഞ്ജു പുറത്തായത്. അപ്പോഴേയ്ക്കും ഏഴു സിക്‌സും എട്ടു ഫോറും പറത്തി 42 പന്തിൽ 89 റൺ സഞ്ജു നേടി ടീമിന് അടിത്തറയിട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ സ്‌കോർ 20 ൽ നിൽക്കെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഏഴു പന്തിൽ നിന്നും ഒൻപത് റൺ നേടിയ അഭിഷേക് ജാക്ക്‌സിന്റെ പന്തിൽ സാൾട്ടിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെ ഇന്ത്യയെ വിറപ്പിച്ച് നിർത്താം എന്ന് പ്രതീക്ഷിച്ച ഇംഗ്ലണ്ട് ബൗളർമാർക്ക് പിന്നാലെ വെടിക്കെട്ട് ബാറ്റിംങുമായി കിഷനും സഞ്ജുവും കടന്നാക്രമിച്ചു. ഇന്ത്യൻ സ്‌കോർ നൂറ് കടത്തിയ ശേഷം 117 ലാണ് ഇഷാൻ മടങ്ങിയത്. ഈ സമയം കൊണ്ട് ഇന്ത്യൻ സ്‌കോർ ബോർഡിൽ 39 റൺ ഇഷാൻ കൂട്ടിച്ചേർത്ത് കഴിഞ്ഞിരുന്നു.

പിന്നീട്, സഞ്ജു പുറത്തായ ശേഷം സൂര്യയും ക്രീസിൽ എത്തി. ആറു പന്തിൽ 11 റൺ എടുത്ത സൂര്യ ഇന്ത്യൻ സ്‌കോർ 190 നിൽക്കെ പുറത്തായി. പിന്നീട് ഇന്ത്യൻ സ്‌കോറിൽ നിർണ്ണായകമായ സംഭാവന നൽകിയ ശിവം ദുബൈ ദൗർഭാഗ്യകരമായി റണ്ണൗട്ടായി. ഹാർദിക് പാണ്ഡ്യയുമായുള്ള ആശയക്കുഴപ്പത്തിനിടെ ബ്രൂക്കിന്റെ നേരിട്ടുള്ള ഏറിൽ ദുബൈ പുറത്താകുമ്പോഴേയ്ക്കും നിർണ്ണായകമായ 43 റൺ ചേർത്തിരുന്നു. പിന്നാലെ ക്രീസിൽ ഉറച്ചു നിന്ന തിലകും (പുറത്താകാതെ 21), പാണ്ഡ്യയും (27) ഇന്ത്യയ്ക്ക് മികച്ച അടിത്തറ നൽകി. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ 253 എന്ന കൂറ്റൻ സ്‌കോറാണ് ഉയർത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി വിൽജാക്‌സും , ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആർച്ചറിനാണ് ഒരു വിക്കറ്റ്.

മറുപടി ബാറ്റിംങിൽ ഇന്ത്യ പ്രതീക്ഷിച്ച തുടക്കം തന്നെ ബൗളർമാർ നൽകി. ആദ്യ ഓവറിൽ 13 റൺ അടിച്ച ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ പാണ്ഡ്യ തൂക്കി. ഫിൽ സാൾട്ടിനെ (5) അക്‌സർ പട്ടേലിന്റെ കയ്യിൽ എത്തിച്ചായിരുന്നു പാണ്ഡ്യയുടെ വിക്കറ്റ് നേട്ടം. പിന്നാലെ, ബ്രൂക്കിനെ (ഏഴ്) വെടിക്കെട്ട് ക്യാച്ചിലൂടെ അക്‌സർ പട്ടേൽ ബുംറയുടെ പന്തിൽ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 38 ന് രണ്ട് എന്ന നിലയിലേയ്ക്കു വീണു. വെടിക്കെട്ട് ബാറ്റിംങുമായി സ്‌കോർ ബോർഡ് താഴാതെ ഒരു വശത്ത് ജേക്കബ് ബീതേൽ നോക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റും നഷ്ടമായി.

ജോസ് ബട്‌ലർ (25) വരുൺ ചക്രവർത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആയാണ് പുറത്തായത്. നൂറു കടക്കും മുൻപ് ഇംഗ്ലണ്ട് സ്‌കോർ 95 ൽ നിൽക്കെ ടോം ബാൻടണിനെ (17) ആക്‌സർ പട്ടേൽ ക്ലീൻ ബൗൾഡ് ആക്കി. പിന്നീട്, ബീതലിന്റെ സംഹാര താണ്ഡവമാണ് കണ്ടത്. വിൽ ജാക്‌സിനെ ഒരു വശത്ത് നിർത്തി അഴിഞ്ഞാടുകയായിരുന്നു ബീതൽ. രണ്ടു പേരും ചേർന്ന് ഇംഗ്ലീഷ് സ്‌കോർ 172 ൽ എത്തിച്ചപ്പോഴേയ്ക്കും ജാക്‌സും (35) വീണു. ബൗണ്ടറി ലൈനിൽ ഗംഭീര ക്യാച്ച് അക്‌സർ കയ്യിലാക്കി, ശിവം ദുബൈയ്ക്ക് എറിഞ്ഞു നൽകി. പന്ത് ദുബൈ കൈയ്ക്കലാക്കി. വിൽ ജാക്‌സ് പുറത്ത്. പിന്നാലെ തിലക് വർമ്മ പാണ്ഡ്യയുടെ പന്തിൽ ക്യാച്ച് എടുത്ത് സാം കറനെ (18) പുറത്താക്കി. എന്നാൽ, ഒരു വശത്ത് തകർത്തടിച്ച് ജേക്കബ് ബീതൽ സെഞ്ച്വറി തികച്ച് നിൽക്കുന്നുണ്ടായിരുന്നു ഈ സമയത്തെല്ലാം. ഇതായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെല്ലാം. എന്നാൽ, അവസാന ഓവറിന്റെ ആദ്യ പന്തിൽ ബൗണ്ടറി ലൈനിൽ നിന്നുള്ള ഏറ് ഇടം കയ്യിൽ ഒതുക്കി സഞ്ജു ഇംഗ്ലണ്ടിന്റെ ഫോമിലുള്ള ബാറ്റർ ബീതലിന്റെ സ്റ്റമ്പ് തെറിപ്പിച്ചു. ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷകളെല്ലാം ആ റണ്ണൗട്ടിൽ തകർന്നു വീണു. 48 പന്തിൽ ഏഴു സിക്‌സും എട്ട് ഫോറും പറത്തിയാണ് ബീതൽ സെഞ്ച്വറി തികച്ചത്. അവസാന ഓവറിൽ 30 റൺ വേണ്ട ഇംഗ്ലണ്ട് ഇതോടെ തോൽവി സമ്മതിച്ചു. ഇന്ത്യയ്ക്ക് വേണ്ടി പാണ്ഡ്യ രണ്ടും, ബുറയും അക്‌സറും വരുണും അർഷദീപും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Hot Topics

Related Articles