‘ആരോഗ്യ പ്രശ്നങ്ങളുണ്ട്, ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണം’; മാസപ്പടി കേസില്‍ ഇ‍ഡി സമൻസിനെതിരെ കര്‍ത്ത കോടതിയില്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇ‍ഡി സമന്‍സിനെതിരെ സിഎംആർഎല്‍ എംഡി സി എൻ ശശിധരൻ കർത്ത വീണ്ടും ഹൈക്കോടതിയില്‍. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കർത്ത ഹർജി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യല്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. സിഎംആർഎല്‍ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ പേരില്‍ ഇ‍ഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നാണ് സിഎംആർഎല്‍ ജീവനക്കാര്‍ ആരോപിക്കുന്നത്. സിഎംആർഎല്‍ വിവിധ വ്യക്തികളും കമ്ബനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് സിഎംആർഎല്‍ എംഡി ശശിധരൻ കർത്തയെ ഇഡി വിളിപ്പിച്ചത്.

മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശിധരൻ കർത്തയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കർത്ത ഹാജരായിരുന്നില്ല. ഇന്ന് വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാട്ടി വിട്ട് നില്‍ക്കുകയായിരുന്നു ശശിധരൻ കർത്ത. കർത്തയുടെ നിസ്സഹകരണം കോടതിയെ അറിയിക്കാനും ഇഡി ആലോചിക്കുന്നുണ്ട്.

Hot Topics

Related Articles