കനത്ത മഴ :സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിൽ 

ദമ്മാം: ശക്തമായ മഴ മുന്നറിയിപ്പിന് പിന്നാലെ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ മഴയെത്തി. പുലർച്ചയോടെ ആരംഭിച്ച മഴ നിലക്കാതെ തുടരുകയാണ്.നാട്ടിലെ വേനല്‍മഴയെ ഓർമ്മിപ്പിക്കുന്ന തരത്തില്‍ കനത്ത ഇടിമിന്നലോട് കൂടിയാണ് മഴ പെയ്യുന്നത്. മഴയില്‍ പ്രവിശ്യയിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. അണ്ടർപാസുകളിള്‍ വെള്ളം നിറഞ്ഞതോടെ പല ഹൈവേകളും അടച്ചിട്ടു. ദമ്മാം അല്‍ഖോബാർ റോഡ്, ദഹ്റാൻ ജുബൈല്‍ ഹൈവേ, ദമ്മാം എയർപോർട്ട് ഹൈവേ, ദമ്മാം അല്‍ഹസ്സ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രവിശ്യയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി നല്‍കി. സ്വദേശി സ്‌കൂളുകളും ഇന്ത്യൻ എംബസി സ്‌കൂളുകളും ഓണ്‍ലൈൻ വഴി ക്ലാസുകള്‍ നടത്തി വരികയാണ്. റോഡുകളില്‍ ഗതാഗത തടസ്സം നേരിട്ടതോടെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളില് മിക്കവയും ഇന്ന്ഉച്ചയോടെ അവധി നല്‍കി. വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാാലവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കാൻ സിവില്‍ ഡിഫൻസും ട്രാഫിക് വിഭാഗവും കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Hot Topics

Related Articles