ശബ്ദമലിനീകരണത്തിനെതിരെ ഇരുപതു വർഷം ജില്ലാ കോടതി മുതൽ സുപ്രീം കോടതി വരെ പോരാടി ലൗഡ് സ്പീക്കർ (കോളാംബി ) രാജ്യവ്യാപകമായി നിരോധിപ്പിച്ച പ്രശസ്ത പരിസ്തി പ്രവർത്തകനും മുതിർന്ന യുക്തിവാദിയും അടിയുറച്ച ഇടതുപക്ഷ ചിന്തകനും ആയ പി.പി.സുമനൻ (86) ഇന്ന് പുലർച്ചെ 6.30ന് ഓർമ്മയായി. ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, ചിത്രകലാ അധ്യാപകൻ, പരിസ്ഥിതി സംരക്ഷകൻ, ലേഖകൻ , പത്രാധിപർക്കുള്ള ആയിരക്കണിക്കിന് കത്തുകളുടെ കർത്താവ്, കവി, യുക്തിവാദ പ്രചാരകൻ, സാമൂഹ്യ പ്രവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ, ഹിപ്നോട്ടിസം പരിശീലകൻ, മനഃശാസ്ത്ര കൗൺസിലർ, മനുഷ്യാവകാശ പ്രവർത്തകൻ, പ്രാസംഗികൻ, കർഷകൻ, സംഘാടകൻ എന്നീ മേഖലകളിൽ അര നൂറ്റാണ്ടിലേറെക്കാലം സജീവമായിരുന്നു.
കേരള ലളിത കലാ അക്കാദമി എക്സിക്യൂട്ടീവ് മെമ്പർ, കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി, ആലപ്പുഴ ജില്ല പ്രസിഡന്റ്, സെക്രട്ടറി, കേരള സ്റ്റേറ്റ് സർവീസ് പെൻഷർസ് യൂണിയൻ കളർകോട് എക്സിക്യൂട്ടീവ് യൂണിറ്റ് മെമ്പർ, മനുഷ്യാവകാശ സഹായ സമിതി സംസ്ഥാന പ്രസിഡന്റ്, ശബ്ദമലിനീകരണ നിവാരണ സമിതി സ്ഥാപകനും, സംസ്ഥാന പ്രസിഡന്റും, കാർട്ടൂണിസ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ചിത്രകലാപരിഷത് അജീവനാന്ത മെമ്പർ തുടങ്ങി പല സംഘടനകളുടെയും സജീവ പ്രവർത്തകൻ ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാമങ്കരി വേഴപ്ര പുത്തൻ കളത്തിൽ പത്മനാഭൻ്റെയും (ആദ്യകാല എസ്.എൻ.ഡി.പി യുണിയൻ സെക്രട്ടറി), ഗൗരിയുടെയും ആറാമത്തെ പുത്രനായ അദ്ദേഹം വേഴപ്ര സ്കൂളിലും ആലപ്പുഴ SS സ്കൂളിലെയും വിദ്യാഭ്യാസത്തിനു ശേഷം ചിത്രകലാ അദ്ധ്യാപകനായി പറവൂർ ഗവ.ഹൈസ്കൂളിലും വേഴപ്ര ഗവ.ഹൈസ് സ്കൂളിലും സേവനം അനുഷ്ഠിച്ചു. ഭാര്യ : ആലപ്പുഴ മെഡിക്കൽ കോളേജിലെ റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ട് കെ. സുമതിഅമ്മ. മക്കൾ: രേഖ, സി.എസ്, ഡോ. ചിത്ര. സി.എസ് (പ്രിൻസിപ്പാൾ, ശാന്തിനികേതൻ ബി.എഡ് കോളേജ് ബംഗളൂരു). മരുമക്കൾ: ഡോ.കെ.എ സുനിൽ , കെ.ബി ഉണ്ണികൃഷ്ണൻ. കൊച്ചുമക്കൾ: ദേവിക സുനിൽ (ആസ്ട്രേലിയ), ചാരുത കൃഷ്ണ (ബാംഗ്ളൂർ). സ്വവസതിയായ ആലപ്പുഴ കളർകോട് ചിത്രയാലയത്തിലെ 3.30 വരെ ഉള്ള പൊതുദർശനത്തിന് ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിലേക്ക് ശാസ്ത്ര പഠനങ്ങൾക്ക് 4.30ന് സമർപ്പിക്കുന്നു. യുക്തിചിന്തയും മാനവിക മൂല്യങ്ങളും കലാപ്രതിഭയും സാമൂഹിക പ്രതിബദ്ധതയും കൊണ്ട് ശ്രദ്ധേയനായിരുന്ന സുമനൻ സാറിന്റെ വിയോഗം സാമൂഹിക-സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണ്.


