തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക സമിതിയുടെ ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ബഷീർ ബാല്യകാലസഖി പുരസ്കാരം നോവലിസ്റ്റ് കെ.പി.രാമനുണ്ണിയക്കും ബഷീർ അമ്മമലയാളം പുരസ്‌കാരം മാധ്യമ പ്രവർത്തകനും നോവലിസ്റ്റുമായ ജമാൽ കൊച്ചങ്ങാടിയ്ക്കും എഴുത്തുകാരൻ കെ . ഉണ്ണികൃഷ്ണനും നൽകാൻ തീരുമാനിച്ചു. നോവലിസ്റ്റ് സി.രാധാകൃഷ്ണൻ, ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ , വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ, ഡോ.എസ്. ലാലി മോൾ, കവി അരവിന്ദൻ കെ.എസ്.മംഗലം എന്നിവർ അടങ്ങുന്ന കമ്മറ്റിയാണ് പുരസ്കാരത്തിന് അർഹരായവരെ തെരഞ്ഞെടുത്തത്. ബഷീറിൻ്റെ ജന്മ ദിനമായ ജൂലൈ അഞ്ചിന് രാവിലെ 10.30 ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡുകൾ
കവിയും ഗാനരചയിതാവുമായ കെ . ജയകുമാർ സമ്മാനിക്കും. 10001 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ബഷീർ ശിൽപ്പവുമാണ് പുരസ്കാരമായി നൽകുന്നതെന്ന് ബഷീർ സ്മാരക സമിതി ഭാരവാഹികളായ പി.ജി. ഷാജിമോൻ , മോഹൻ ഡി. ബാബു , പ്രഫ. കെ.എസ്. ഇന്ദു , എം.ഡി. ബാബുരാജ് , ഡോ. യു. ഷംല, ആര്യ കെ . കരുണാകരൻ , കെ. എം. ഷാജഹാൻ, അബ്ദുൾ ആപ്പാഞ്ചിറ എന്നിവർ അറിയിച്ചു.


