കോട്ടയം: വൈക്കം അക്കരപ്പാടത്ത് മൂവാറ്റുപുഴ ആറിന് കുറുകെയുള്ള പാലത്തിൽ നിന്നും വെള്ളത്തിൽ ചാടിയ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വൈക്കം സ്വദേശിനിയും കുലശേഖരമംഗലം സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയുമായ പൂജ പി.പ്രസാദിന്റെ മൃതദേഹമാണ് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ കുട്ടി വീട്ടിൽ നിന്നും സ്കൂളിലേയ്ക്കു പോയതാണ്. സ്കൂളിൽ എത്താതെ വന്നതോടെ അധികൃതർ വീട്ടിൽ അന്വേഷിച്ചു. ഇതോടെയാണ് കുട്ടി വീട്ടിൽ നിന്നും പോയതായി കണ്ടെത്തിയത്. വൈക്കത്ത് അക്കരപ്പാടം പാലത്തിനു മുകളിൽ യൂണിഫോം ധരിച്ച കുട്ടി നിൽക്കുന്നത് കണ്ടതായി നാട്ടുകാർ പൊലീസീനു മൊഴി നൽകിയിരുന്നു. കുട്ടിയുടെ ബാഗും ചെരുപ്പും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. വൈക്കം പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.


