വർക്കല:വർക്കല കസ്റ്റഡി മർദന കേസ് സംബന്ധിച്ച് പരാതിക്കാരന് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിറക്കി. വർക്കല പോലീസ് സ്റ്റേഷനിലെ എസ്ഐ പിആർ രാഹുലിനെതിരായ പരാതിയിലാണ് നടപടി.കൊല്ലം ചാത്തന്നൂർ സ്വദേശിയും നിർമാണ തൊഴിലാളിയുമായ സുരേഷ് നൽകിയ പരാതിയനുസരിച്ച്, 2022ൽ മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ വീട്ടിൽ നിന്ന് പിടികൂടിക്കൊണ്ടുപോയ ശേഷം എസ്ഐ രാഹുൽ സ്റ്റേഷനിൽ മണിക്കൂറുകളോളം ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം.
ഗുരുതര പരിക്കുകളോടെ പിന്നീട് സുരേഷിനെ വിട്ടയച്ചിരുന്നു.സംഭവത്തിന് ശേഷം സുരേഷ് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയാണുണ്ടായത്. ഇരുവിഭാഗങ്ങളുടെയും വാദം കേട്ടശേഷമാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവ് പുറപ്പെടുവിച്ചത്.നഷ്ടപരിഹാരമായ ഒരു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകുകയും, ആ തുക എസ്ഐയിൽ നിന്നു വീണ്ടെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. രണ്ടുമാസത്തിനകം തുക നൽകാത്ത പക്ഷം എട്ട് ശതമാനം പലിശയോടെ നൽകണമെന്നും നിർദ്ദേശമുണ്ട്. കേസിൽ സർക്കാരിന്റെ വകുപ്പ്തല അന്വേഷണം തുടരുകയാണ്; നെയ്യാറ്റിൻകര ഡിവൈഎസ്പി അന്വേഷണ ചുമതലയുള്ളതാണ്.


