മലപ്പുറം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. കേരളത്തിന്‍റെ, കോണ്‍ഗ്രസിന്‍റെ, യുഡിഎഫിന്‍റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഷാഫി കുറിച്ചത്.കൂടുതല്‍ കാര്യങ്ങളൊന്നും ഷാഫി പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിനിടെ ഷാഫി പറമ്പില്‍ എംപിക്ക് കോണ്‍ഗ്രസ് സൈബർ അണികളുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. ‘നമ്മള് ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന് ഉമ്മൻചാണ്ടിയുടെ ഫോട്ടോ ഉള്‍പ്പെടുത്തി ഷാഫിയിട്ട പോസ്റ്റിന് താഴെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. അടിയുറച്ച കോണ്‍ഗ്രസ് പ്രവർത്തകനാണ് ഞാൻ. പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വിഡി സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന ചർച്ചകള്‍ ഇനി അപ്രസക്തമാണ്. നേതൃത്വം എല്ലാവശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായത് കൊണ്ടാണ് പ്രഖ്യാപനത്തില്‍ നിന്ന് മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സതീശന് ഹൃദയം തുറന്ന അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയായി വി ഡി സതീശനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്കും സർക്കാരിനും എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള സർക്കാർ കേരളത്തിലുണ്ടാകും. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കും എന്നാണ് എപ്പോഴും പറഞ്ഞിരുന്നത്. അടിയുറച്ച കോണ്‍ഗ്രസുകാരനായി തുടരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. തന്നെ പിന്തുണച്ചവരും ഈ തീരുമാനം അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമിക്കുന്നവർക്ക് ഇനിയും സധൈര്യം തുടരാമെന്നും ആക്ഷേപങ്ങളെല്ലാം താൻ സഹിച്ചോളാമെന്നും വേണുഗോപാല്‍ പ്രതികരിച്ചു. അതേസമയം, ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയോ എന്ന ചോദ്യത്തിന് വേണുഗോപാല്‍ മറുപടി പറഞ്ഞില്ല.


