തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് നാളിതുവരെയായിട്ടും താനും ഭാര്യയും ഒറ്റപ്പെട്ട നിലയിലാണെന്നും ബന്ധുക്കള്‍ പൂര്‍ണമായും അവഗണിച്ചുവെന്നും പ്രതി അഫാന്റെ പിതാവ് അബ്ദുള്‍ റഹീം. മിണ്ടാൻ പോലും ഒരു ബന്ധുവും വരാറില്ലെന്നും നാട്ടുകാരും ജമാഅത്തുമാണ് ആകെ ആശ്രയമെന്നും അബ്ദുള്‍ റഹീം പറഞ്ഞു. കടക്കൽ ചിതറയിൽ പച്ചക്കറി കട നടത്തിയാണ് ഇപ്പോൾ ജീവിക്കുന്നത്. കടയിൽ തന്നെ ഒരു ഭാഗത്ത് ഭാര്യക്കൊപ്പം കഴിയുന്നു.
അധ്വാനിച്ച് പണിത വെഞ്ഞാറമൂടിലെ വീടിന്റെ ബാധ്യത കഴിഞ്ഞിട്ടില്ല.വല്ലപ്പോഴും അവിടെ പോയി ഒറ്റക്കിരുന്ന് കരയും. മകനും ഭാര്യയും 50 ലക്ഷം രൂപയുടെ കടമാണ് വരുത്തി വെച്ചത്. എന്തിനു വേണ്ടി ഈ പണം വാങ്ങിയെന്ന് ഇന്നും ഇവർ പറഞ്ഞിട്ടില്ല. കൊലപാതകങ്ങൾ നടന്ന ദിവസം രണ്ടു ലക്ഷം രൂപ കടക്കാർക്ക് നൽകേണ്ട അവസ്ഥയായിലായിരുന്നു ഭാര്യയും മകൻ അഫാനും. അന്ന് പല ബന്ധുക്കളെയും കണ്ടു ചോദിച്ചെങ്കിലും അവർ ആട്ടിയോടിച്ചു. അങ്ങനെയാണ് കൂട്ടകൊലയിലേക്ക് തിരിഞ്ഞതെന്നും അബ്ദുള്‍ റഹീം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടബാധ്യതയാണ് കൂട്ടക്കൊലക്ക് കാരണം. നാട്ടിൽ എത്തിയശേഷമാണ് ഇതൊക്കെ താൻ അറിയുന്നത്. വായ്പ നൽകിയതിന് അടുത്ത ബന്ധുക്കൾ അടക്കം വൻ പലിശ അഫാനിൽ നിന്ന് വാങ്ങിയിട്ടുണ്ട്. പലിശക്കാർ നിരന്തരം വിളിച്ചു ഭീഷണിയാണ് തിരികെ കൊടുക്കാൻ ഒരു നിവർത്തിയുമില്ല.
അഫാനെ ആദ്യം മെഡിക്കൽ കോളേജിൽ പോയി കണ്ടത് ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ്. മാനസികമായി ഒറ്റപ്പെട്ട നിലയിൽ ആയതിനാൽ താനും ഭാര്യയും കാണണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് ജയിൽ അധികൃതർ ആവശ്യപ്പെട്ട് പല തവണ ജയിലിൽ പോയി കണ്ടു.
പൂർണമായും തകർന്ന നിലയിലാണ് മകൻ. അനിയൻ അഫ്സാൻ, സുഹൃത്ത് ഫർസാന, വല്ലുമ്മ സൽമ എന്നിവരെ ഓർത്തു കരയും. തന്നെ കാണുമ്പോ ഇത് മാത്രമേ അഫാൻ പറയാറുള്ളൂ. കടുത്ത കുറ്റബോധം അഫാനുണ്ട്. ഞാൻ മാപ്പു കൊടുത്താലും എന്ത് പ്രയോജനമെന്നും നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ലലോയെന്നും അബ്ദുള്‍ റഹീം ചോദിച്ചു. അഫ്സാനയുടെ കുടുംബത്തെ കണ്ടു മാപ്പ് പറയണം എന്നുണ്ട്.
എന്നാൽ, അവർ എങ്ങിനെ പ്രതികരിക്കും എന്ന് അറിയാത്തതു കൊണ്ട് വേണ്ടെന്ന് ജനപ്രതിനിധികൾ അടക്കം ഉപദേശിച്ചു. മകനെ സംരക്ഷിക്കാനാണ് താൻ സിനിമക്കെതിരെ കേസ് കൊടുത്തതെന്നു പറഞ്ഞു സമൂഹ മാധ്യമങ്ങളിൽ ആക്ഷേപിക്കുകയാണ്. സിനിമക്കെതിരെ കേസ് കൊടുത്തത് അത് കേസിനെ ബാധിക്കുമെന്ന നിലയിലാണെന്നും അതല്ലാതെ മകനെ സംരക്ഷിക്കാൻ വേണ്ടിയല്ലെന്നും അബ്ദുള്‍ റഹീം പറഞ്ഞു.
കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമക്കെതിരെയാണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ളതാണ് സിനിമയെന്നും ഇത് കേസിനെ ബാധിക്കുമെന്നും ചൂണ്ടികാട്ടിയാണ് അബ്ദുള്‍ റഹീം ഹര്‍ജി നൽകിയത്.


