തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയ്ക്കൊപ്പം കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബഹുഭാഷാ ചിത്രം വരുന്നു.രാജ വാരു റാണി ഗാരു, റൗഡി ജനാര്‍ദ്ദന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള രവി കിരണ്‍ കോലയാണ് പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. നേരത്തെ കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടിയില്‍ വിജയ് ദേവരകൊണ്ട അഭിനിച്ചിരുന്നെങ്കിലും ഇരുവരും ഒരുമിച്ച് എത്തുന്ന രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല.
അതിനാല്‍ത്തന്നെ ഇരുവരുടെയും ആരാധകരെ സംബന്ധിച്ച് പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആവേശം പകരുന്നതാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ഡ്രാമയാണ് പുതിയ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാരുടെ പദ്ധതിയെന്നും അറിയുന്നു. എന്നാല്‍ രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം വിജയ് ദേവരകൊണ്ടയ്ക്ക് അതിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് പ്ലാന്‍.


