വർക്കല:ആറ്റിങ്ങലിന് സമീപം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബസ് സ്റ്റോപ്പിൽ നിന്ന് പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച 19 കാരൻ അറസ്റ്റിൽ. ആലംകോട് ഞാറവിള വീട്ടിൽ അസ്ഹറുദ്ദീൻ (19) എന്ന യുവാവിനെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.കഴിഞ്ഞ മാസം 13-നാണ് സംഭവം. രാത്രി ഏഴരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ചാത്തമ്പാറ ബസ് സ്റ്റോപ്പ് ഭാഗത്ത് നിന്ന് പ്രതി പിന്തുടരുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോഴാണ് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതിയുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ യുവതി ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തിന് സമീപമുള്ള 50-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംശയാസ്പദമായി കണ്ടെത്തിയ 15-ലധികം വാഹനങ്ങളെയും 10-ഓളം വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.വിശദമായ പരിശോധനയ്ക്കൊടുവിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


