അഹമ്മദാബാദ്: ഐപിഎല്‍ സീസണില്‍ ക്രിക്കറ്റ് ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച പ്രകടനമാണ് രാജസ്ഥാൻ റോയല്‍സിന്റെ 15 വയസുകാരൻ വൈഭവ് സൂര്യവംശി പുറത്തെടുത്തത്. സീസണില്‍ ഉടനീളം 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സ് അടിച്ചുകൂട്ടി റണ്‍വേട്ടക്കാരനുള്ള ‘ഓറഞ്ച് ക്യാപ്പ്’ സ്വന്തമാക്കിയ താരം, ലേലത്തില്‍ തനിക്കുണ്ടായിരുന്ന വിപണി മൂല്യത്തെക്കാള്‍ എത്രയോ അധികമാണ് തന്റെ പ്രതിഭയെന്ന് അടിവരയിട്ടു.
കഴിഞ്ഞ മെഗാ ലേലത്തില്‍ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയല്‍സ് വൈഭവിനെ ടീമിലെത്തിലെത്തിച്ചത്. ഈ സീസണിലും വൈഭവിനെ 1.10 കോടിക്ക് തന്നെയായിരുന്നു രാജസഥാന് നിലനിര്‍ത്തിയത്. എങ്കിലും, ടൂർണമെന്റിലുടനീളം നടത്തിയ അവിശ്വസനീയ പ്രകടനങ്ങളിലൂടെ 3 കോടിയോളം രൂപയാണ് വൈഭവ് ഈ സീസണൊടുവില്‍ സ്വന്തം അക്കൗണ്ടിലെത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവാർഡുകളെല്ലാം ഒറ്റക്ക് തൂക്കി
രാജസ്ഥാൻ റോയല്‍സ് ഫൈനലില്‍ എത്തിയില്ലെങ്കിലും, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ വൈഭവ് സൂര്യവംശിയായിരുന്നു പ്രധാന താരം. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ‘മോസ്റ്റ് വാല്യുബിള്‍ പ്ലെയർ’ പുരസ്കാരം ഉള്‍പ്പെടെയുള്ള അവാർഡുകളെല്ലാം വൈഭവ് ഒറ്റയ്ക്ക് തൂക്കി.
ലഭിച്ച പ്രധാന പുരസ്കാരങ്ങളും ക്യാഷ് പ്രൈസുകളും:
മോസ്റ്റ് വാല്യുബിള്‍ പ്ലെയർ: 15 ലക്ഷം രൂപ
ഓറഞ്ച് ക്യാപ്പ് (കൂടുതല്‍ റണ്‍സ്): 10 ലക്ഷം രൂപ
സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസണ്: 10 ലക്ഷം രൂപ (ഒപ്പം ടാറ്റ സിയറ കാറും)
സൂപ്പർ സിക്സസ് ഓഫ് ദി സീസണ് (72 സിക്സറുകള്‍): 10 ലക്ഷം രൂപ
എമേർജിംഗ് പ്ലെയർ ഓഫ് ദി സീസണ്: 10 ലക്ഷം രൂപ
മാച്ച് ഫീസായി മാത്രം 1.20 കോടി രൂപ
അടിസ്ഥാന കരാർ തുകയായ 1.10 കോടിക്ക് പുറമെ, ഐപിഎല്ലില്‍ കളിക്കുന്ന ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം കളിക്കാർക്ക് മാച്ച് ഫീസായി ലഭിക്കും. ഈ സീസണില്‍ രാജസ്ഥാനുവേണ്ടി 16 മത്സരങ്ങളില്‍ വൈഭവ് കളത്തിലിറങ്ങിയിരുന്നു. ഇതിലൂടെ മാത്രം 1.20 കോടി രൂപയാണ് വൈഭവിന് ലഭിച്ചത്. കരാർ തുകയായ 1.10 കോടിയും, മാച്ച് ഫീസിനത്തില്‍ ലഭിച്ച 1.20 കോടിയും ചേർന്നപ്പോള്‍ തന്നെ വൈഭവിന്റെ പ്രതിഫലം 2.30 കോടിയായി ഉയർന്നു. ഇതിന് പുറമെയാണ് ഫൈനല്‍ വേദിയില്‍ നിന്ന് ലഭിച്ച 55 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകള്‍.
കൂടാതെ, ലീഗ് മത്സരങ്ങളില്‍ താരം സ്വന്തമാക്കിയ ‘പ്ലെയർ ഓഫ് ദി മാച്ച്’, ‘ഇലക്ട്രിക് സ്ട്രൈക്കർ ഓഫ് ദി മാച്ച്’, ‘മോസ്റ്റ് സിക്സസ് ഓഫ് ദി മാച്ച്’ എന്നീ മാച്ച് ഡേ പുരസ്കാരങ്ങളിലൂടെ ഓരോ ലക്ഷം രൂപ വീതവും വൈഭവ് പലതവണ വാരിക്കൂട്ടി. ചുരുക്കത്തില്‍, തന്റെ കരിയറിലെ ആദ്യ സമ്പൂർണ്ണ ഐപിഎല്‍ സീസണ് കൊണ്ട് പ്രകടനത്തില്‍ മാത്രമല്ല സനമ്പാദ്യത്തിലും വലിയ കുതിപ്പാണ് വൈഭവ് നടത്തിയത്.


