വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനിൽ സ്ഥലമില്ല..! കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനു മുന്നിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കാർ മോഷ്ടിക്കാൻ ശ്രമിച്ചു; മോഷണ ശ്രമം കാറിന്റെ ചില്ലുകൾ തല്ലിത്തകർത്ത ശേഷം; സംഭവത്തിനു ശേഷം രക്ഷപെടാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയായ മോഷ്ടാവിനെ മണിക്കൂറുകൾക്കകം പിടികൂടി ചിങ്ങവനം പൊലീസ് സംഘം

കോട്ടയം: വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനിൽ സ്ഥലമില്ലാത്തതിനെ തുടർന്ന് സ്‌റ്റേഷനു മുന്നിലെ റോഡരികിൽ പാർക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി. അസം സ്വദേശിയായ  സിറാജുൾ ഇസ്ലീമി(24)നെയാണ് ചിങ്ങവനം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ചിങ്ങവനം സ്റ്റേഷനു മുന്നിൽ എം.സി റോഡരികിൽ അപകടത്തിൽപ്പെട്ട നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. ഇതിനു സമീപത്തായി തന്നെയാണ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ തന്റെ വാഹനം പാർക്ക് ചെയ്തിരുന്നത്. അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന ലോറിയിൽ നിന്നും സാധനങ്ങൾ എടുത്ത ശേഷമാണ് പ്രതി കാർ മോഷ്ടിക്കാനായി എത്തിയത്. തുടർന്ന്, കാറിന്റെ ഒരു വശത്തെ മൂന്ന് ചില്ലുകൾ തല്ലിത്തകർത്തു.

Advertisements

സംഭവം അറിഞ്ഞ ശേഷം പൊലീസ് സംഘം പ്രദേശത്തെ അൻപതോളം സിസിടിവി ക്യാമറ പരിശോധിച്ചാണ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നടന്ന് കാവാലം വരെ പോകുകയായിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് മണിക്കൂറുകൾ നീണ്ടഅന്വേഷണത്തിനൊടുവിൽ ചിങ്ങവനം എസ്.എച്ച്.ഒ എസ്.പ്രദീസ്, എസ്.ഐമാരായ പ്രവീൺ, എസ്.കൃഷ്ണകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സുമേഷ് , സാൽബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിലവിൽ സ്ഥലമില്ല. ഈ വാഹനങ്ങൾ എല്ലാം റോഡരികിലാണ് നിലവിൽ പാർക്ക് ചെയ്യുന്നത്. ഇത് കൂടാതെ പൊലീസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് റോഡരികിൽ തന്നെയാണ്. സ്ഥല പരിമിതി മൂലം വിഷമിക്കുന്ന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായിരക്കുകയാണ് ഇപ്പോൾ ഉണ്ടായ മോഷണം.

Hot Topics

Related Articles