കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബർ 25-ന് കേരളത്തിലെത്തും. ഏഴുദിവസം മെസി കേരളത്തിലുണ്ടാവുമെന്നും സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്മാൻ കോഴിക്കോട്ട് നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു. നവംബർ രണ്ടുവരെയാണ് മെസി കേരളത്തില്‍ തുടരുക.നേരത്തെ തീരുമാനിക്കപ്പെട്ട സൗഹൃദമത്സരത്തിന് പുറമേ മെസി പൊതുപരിപാടിയിലും പങ്കെടുക്കും. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല.ഖത്തർ ലോകകപ്പില്‍ കിരീടമുയർത്തിയ അർജന്റീന, ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താല്‍ അസോസിയേഷൻ ഈ ക്ഷണം നിരാകരിച്ചു. ഇതറിഞ്ഞ കേരള കായികമന്ത്രി വി. അബ്ദുറ്ഹിമാൻ അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചു. കായികമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അർജന്റീന ഫുട്ബോള്‍ ടീം ഇന്ത്യയിലേക്ക് വരാൻ സമ്മതമറിയിച്ചിരുന്നു. 2022-ലെ ലോകകപ്പ് നേട്ടത്തിനുശേഷം അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ കേരളത്തെ പരാമർശിച്ച് ആരാധകർക്ക് നന്ദിയറിയിച്ചിരുന്നു.