നഗരസഭയിൽ ഇന്ന് യുഡിഎഫ് ചെയർപേഴ്സനെതിരെ പ്രതിപക്ഷം നൽകിയിരിക്കുന്ന അവിശ്വാസപ്രമേയം പരാജയപ്പെടുത്തുമെന്ന് ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്; കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ നിന്നും വിട്ടുനിൽക്കും

പാലാ : നഗരസഭയിൽ ഇന്ന് യുഡിഎഫ് ചെയർപേഴ്സനെതിരെ പ്രതിപക്ഷം നൽകിയിരിക്കുന്ന അവിശ്വാസപ്രമേയം പരാജയപ്പെടുത്തുമെന്ന് ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്. പാർട്ടിക്ക് മുകളിലല്ല ഒരു കൗൺസിലറും എന്ന വ്യക്തമായ സന്ദേശം നൽകിക്കൊണ്ട് രാത്രി തന്നെ കോൺഗ്രസ് കൗൺസിലർമാർക്ക് അവിശ്വാസപ്രമേയ യോഗത്തിൽ നിന്നും വിട്ടുനിൽക്കണമെന്നും ചർച്ചയിൽ ഹാജരാകരുത് എന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വിപ്പ് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും ബാക്കിയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Advertisements

വിപ്പ് നൽകുന്നതോടെ അതനുസരിച്ച് ചെയ്യുവാൻ കൗൺസിലർമാർ ബാധ്യസ്ഥർ ആണെങ്കിലും തങ്ങളുടെ നിലപാട് ഇതേവരെ കൗൺസിലർമാർ വ്യക്തമാക്കിയിട്ടില്ല.
മുന്നണി രൂപീകരണത്തിന് ശേഷം ഇതേവരെ നേതൃത്വത്തോടാലോചിക്കാതെ എടുത്തുചാടി കാര്യങ്ങൾ ചെയ്തു കൂട്ടുകയും ഒടുവിൽ പ്രശ്നപരിഹാരം നേതൃത്വത്തിന്റെ തലയിൽ വയ്ക്കുകയുമാണ് ഇവരുടെ നിരന്തരമായ പരിപാടി.പാർട്ടിയോടാലോചിക്കാതെ യുഡിഎഫ് മുന്നണിക്കാകെ മാസങ്ങളായി നിരന്തരം അവമതിപ്പുണ്ടാക്കി വയ്ക്കുന്ന കോൺഗ്രസ് കൗൺസിലർമാരോട് നേതൃത്വം കടുത്ത അതൃപ്തിയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലായിൽ എൽഡിഎഫിനും ജോസ് കെ മാണിക്കും വിടുപണി ചെയ്യുന്ന രീതിയിലായി കോൺഗ്രസ് കൗൺസിലർമാരുടെ പ്രവർത്തനം എന്നതാണ് നേതൃത്വത്തിന്റെ കാഴ്ചപ്പാട്. കേരള കോൺഗ്രസ് എമ്മിൽ നിന്നും നഗരസഭ കഷ്ടപ്പെട്ട് പിടിച്ചെടുത്തത് വീണ്ടും എൽഡിഎഫിന്റെ അവരുടെ താളത്തിന് തുള്ളാനുള്ളതാണോ എന്നതാണ് നേതൃത്വത്തിൻ്റെ ചോദ്യം

നിയമവിരുദ്ധമായി കൊട്ടാരമറ്റം വാർഡ് കൗൺസിലർ ബിജു മാത്യൂസ് ഓട്ടോ സ്റ്റാൻഡ് സ്ഥാപിച്ചു കൊടുത്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്ന് പാർട്ടി നേതൃത്വമറിയാതെ കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡറെ മാറ്റി ടോണി തൈപ്പറമ്പിലിനെ തിരഞ്ഞെടുക്കുകയും ഒരു കൗൺസിലർ മാത്രമായ ബിജു മാത്യൂസ് അത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്ത കടുത്ത പ്രോട്ടോകോൾ ലംഘനത്തിൽ ഡിസിസി നേതൃത്വം അങ്ങേയറ്റത്തെ അമർഷത്തിലാണ്. കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവിനെ പ്രഖ്യാപിക്കേണ്ടത് ഡിസിസി പ്രസിഡന്റിന്റെ ചുമതലയാണ് എന്നിരിക്കയാണ് ഒരു വാർഡ് കൗൺസിലറായ ബിജു മാത്യൂസ് ഇത്തരം കാര്യങ്ങൾ ചെയ്തു കൂട്ടിയത്. ഇത് സംബന്ധിച്ച് ബ്ലോക്ക് പ്രസിഡണ്ട് എൻ സുരേഷും ഈ കഴിഞ്ഞ ദിവസം ഉണ്ടായ ചർച്ചയിൽ നേതൃത്വത്തെ ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചിട്ടുണ്ട്.

വിപ്പ് ലംഘിക്കുന്ന പക്ഷം കൗൺസിലർമാർ അയോഗ്യരാവുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്ക് നേരിടുകയും ചെയ്യും. വിപ്പ് ലംഘിച്ചാലും കോൺഗ്രസ് നേതൃത്വം നടപടിയൊന്നും സ്വീകരിക്കില്ല എന്ന ഒരു നിലപാടിലായിരുന്നു ഈ കഴിഞ്ഞ ദിവസം വരെ കൗൺസിലർമാർ . എന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിൽനിന്നും അറിയാൻ സാധിച്ചിട്ടുള്ളത്.

Hot Topics

Related Articles