കേരളത്തിൽ ഏത് നിമിഷവും ആരും കൊല്ലപ്പെടുന്ന സാഹചര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം ജീവിക്കാൻ കൊള്ളാത്ത നാടായി മാറിയിരിക്കുന്നുവെന്നും പൂഞ്ഞാറിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്കൂളുകളിൽ ഇംഗ്ലീഷ് സിനിമകളെ നാണിപ്പിക്കുന്ന വിധത്തിലുള്ള അക്രമ സംഭവങ്ങളാണ് നടക്കുന്നത്. വെഞ്ഞാറമൂടിലെ അരും കൊലകൾക്ക് പിന്നിലെ കൊലയാളിക്ക് പരിശീലനം ലഭിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എൽപി – യുപി സ്കൂളുകളിൽ പോലും ലഹരിവസ്തുക്കൾ എത്തിക്കുന്ന മാഫിയ കേരളത്തിൽ സജീവമാകുകയാണ്. കേരളത്തിലെ എല്ലാ സ്കൂളുകൾക്കും മുന്നിലും മയക്കുമരുന്ന് വിതരണം നടക്കുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. ലഹരി മാഫിയക്ക് പിന്നിൽ ഭീകരവാദ സംഘടനകൾ ഉണ്ടെന്ന് ഉറപ്പാണ്. പിഎഫ്ഐ നിശോധനത്തിന് ശേഷം സംസ്ഥാനത്ത് സ്ലീപ്പർ സെല്ലുകൾ സജീവമാണ്. എന്നാൽ ഇവർക്കെതിരെ ഒരു നടപടിയും എടുക്കാൻ പിണറായി വിജയൻ സർക്കാർ തയ്യാറാവുന്നില്ല. മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം എവിടെയാണെന്നോ ആരാണിവർക്ക് ഫണ്ട് ചെയ്യുന്നതെന്നോ കണ്ടെത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധോലോക സംഘങ്ങളും രാജ്യദ്രോഹ ശക്തികളും കേരളത്തിൽ പത്തിവിടർത്തിയാടുകയാണ്. ഇതിനെല്ലാം സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ട്. പിണറായി വിജയനും സംഘവും നാടിനെ ഒറ്റുകൊടുക്കുകയാണ്. സംസ്ഥാന സർക്കാരിലെ ഉന്നതരായ ചിലർക്ക് ഈ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മയക്കുമരുന്ന് കേസിലെ പ്രതികളെ പറ്റി മനസ്സിലായാൽ ഇത് ബോധ്യമാകും. ലഹരി മാഫിയയെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് ബിജെപിയുടെ തീരുമാനം. മാർച്ച് 8 വനിതാദിനത്തിൽ അതിനുള്ള ക്യാമ്പയിനിംഗിന് പാർട്ടി തുടക്കം കുറിക്കും. പിസി ജോർജിൻ്റെ പിറകെ നടക്കാതെ സർക്കാർ സംസ്ഥാനത്തെ വിധ്വംസക ശക്തികളെ നിലയ്ക്കു നിർത്തുകയാണ് വേണ്ടതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.