കോട്ടയം: സ്വന്തം മരണ വാർത്ത പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ നൽകിയ ശേഷം മുങ്ങിയ മുക്കുപണ്ടത്തട്ടിപ്പ് കേസിലെ പ്രതിയെ ഒരു വർഷത്തിന് ശേഷം ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരനല്ലൂരിലുള്ള സ്വർണ്ണ പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് നാലര ലക്ഷം രൂപാ വാങ്ങിയെടുത്ത ശേഷം തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പെരുമ്പായിക്കാട് കുമാരനല്ലൂർ മയാലിൽ വീട്ടിൽ സജീവ് എം ആറിനെയാണ് തമിഴ് നാട്ടിലെ കൊടൈക്കനാലിൽ നിന്നും ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ 2024 ൽ രജിസ്റ്റർ ചെയ്ത തട്ടിപ്പു കേസിലെ പ്രതിയാണ് ഇയാൾ. തട്ടിപ്പു നടത്തിയ ശേഷം ഇയാൾ മരണപ്പെട്ടു പോയതായും ചെന്നൈയിലെ അഡയാറിൽ വച്ച് സംസ്കാരം നടത്തിയതായും സ്വന്തമായി പത്രവാർത്ത നൽകിയ ശേഷം ഒളിവിൽ കഴിയവെയാണ് പോലീസിന്റെ പിടിയിലാകുന്നത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് ടി , എസ്.ഐ അനുരാജ് എം എച്ച് , എസ്.ഐ സത്യൻ എസ് ,സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് , സിവിൽ പൊലീസ് ഓഫിസർ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി ഇതേ തരത്തിലുള്ള കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്നതിലേക്ക് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ് പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി.


