കോട്ടയം : കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ ദുരവസ്ഥ ഉൾപ്പെടെ സമഗ്ര മേഖലയിലുമുള്ള വൻതകർച്ച സൃഷ്ടിച്ച ജനരോഷത്തിൽ നിന്നും രക്ഷപ്പെടാനാണ് ഭരണ മുന്നണിയുടെ മൗനാനുവാദത്തോടെ കുട്ടി സഖാക്കളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭ സമരങ്ങൾ എന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു.
പ്രബുദ്ധരായ കേരള ജനതയെ ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളിലൂടെ കബളിപ്പിക്കാൻ കഴിയില്ലെന്ന് പാർട്ടിയും ഭരണമുന്നണി സഖാക്കളും മനസിലാക്ക
ണം.
കഴിഞ്ഞദിവസം പൊതുപണിമുടക്ക് ആഹ്വാന ഭാഗമായി കേരളത്തിൽ അക്രമവാഴ്ചയാണ് നടന്നത്. തൊഴിലിടങ്ങളിൽ എത്തിയവരെയും യാത്രക്കാരെയും വ്യാപാര സ്ഥാപനങ്ങളെയും ആക്രമിച്ച് ഭീതിയുടെ മുൾമുനയിൽ നിർത്തി.പരസ്യമായി കരണത്തടിക്കുകയും തല്ലിയോടിക്കുകയും ചെയ്തു. സംസ്ഥാന ഭരണകൂടം ഈ അക്രമ തേർവാഴ്ചയ്ക്ക് നിശബ്ദം കൂട്ടുനിൽക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതി സങ്കീർണമായ പ്രശ്നങ്ങളെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വഴിതിരിച്ചു വിടാനുള്ള കുൽസിത ശ്രമമാണിത്.ഒരു മെഡിക്കൽ കോളേജിൽ മാത്രമല്ല കേരളത്തിലെ ആരോഗ്യ മേഖലയാകെ വെന്റിലേറ്ററിലാണ്. അതിൻ്റെ ഗൗരവം ഉൾക്കൊണ്ട് ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയതോടെ ഭരണകക്ഷിയും പാർട്ടി നേതൃത്വവും ആകെ അമ്പരന്നു.
മെഡിക്കൽ കോളേജ് മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രം വരെ തകർന്നു തരിപ്പണമായിരിക്കുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ തന്നെ രംഗത്ത് വന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസ്സിലായി. മന്ത്രിമാരുടെ നിരുത്തരപരവാദപരമായ സമീപനവും വീഴ്ചകളും നാടാകെ ചർച്ചാവിഷയമായി. അതിൽ നിന്നും ഓടിയൊളിക്കുന്നതിനാണ് പണിമുടക്കും പ്രക്ഷോഭ സമരങ്ങളുമായി രംഗത്ത് വന്നത്.
വിലവർധനയിൽ നട്ടംതിരിയുകയാണ് കേരളീയ സമൂഹം. പൊതുവിതരണ രംഗം താറുമാറായി കഴിഞ്ഞു. ഇത്തരം നീറുന്ന പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റുന്നതിന് വേണ്ടി മാത്രം ലക്ഷ്യമിട്ടാണ് സമരപരമ്പരകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണറെ പോലും ലക്ഷ്യമിട്ട് സമരങ്ങൾ സംഘടിപ്പിക്കുന്നു.
എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ സർവകലാശാലയിലേക്ക് മാർച്ച് നടത്തി തികഞ്ഞ അരാജകത്വം സൃഷ്ടിക്കുകയായിരുന്നു. മണിക്കൂറുകളോളം കേരള സർവകലാശാല ആസ്ഥാനത്ത് ഉദ്യോഗസ്ഥരെയും വിദ്യാർത്ഥികളെയും തടങ്കലിലാക്കി. വിദ്യാർത്ഥികൾ നിയമം കയ്യിലെടുക്കുമ്പോൾ ക്രമസമാധാനം ചുമതലയുള്ള പോലീസ് കയ്യുംകെട്ടി നോക്കി നിൽക്കുകയായിരുന്നു.


