കുടിവെള്ള ക്ഷാമത്തിന് അറുതി:അരുണാപുരം കുടിവെള്ള പദ്ധതി 75 ലക്ഷം മുടക്കി വിപുലീകരിച്ചു

പാലാ:നഗരസഭയിലെ അരുണാപുരം മേഖലയിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരവുമായി നഗരസഭ. മീനച്ചിലാറ്റിൻ കരയിൽ 75 ലക്ഷം രൂപ ചെലവിട്ട് കിണറും പമ്പ് ഹൗസും നിർമിച്ച പദ്ധതിയുടെ ഉദ്ഘാടനം എംപി ജോസ് കെ. മാണി നിർവഹിച്ചു. നഗരസഭ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ട് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ, ആന്റോ ജോസ് പടിഞ്ഞാറെക്കര, ജോസിൻ ബിനോ, ഷാജു തുരുത്തൻ, ജോസ് ചീരാംകുഴി, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീജിത്ത്, അസിസ്റ്റന്റ് എൻജിനീയർ രാജി, പൗളിൻ പിൻസ് പാലക്കാട്ടുകുന്നേൽ എന്നിവർ സംസാരിച്ചു.

Advertisements

ഇരുപത്തിരണ്ടു വർഷം മുൻപ് കേവലം 60 വീടുകൾക്കായി ആരംഭിച്ച പദ്ധതി ഇപ്പോൾ 285 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷനുകൾ നൽകി. എന്നാൽ വേനൽക്കാലത്ത് വെള്ളം ലഭിക്കാത്ത പ്രശ്നം മൂലം പുതുതായി കിണറും പമ്പ് ഹൗസും ഒരുക്കുകയായിരുന്നു. കേരള വാട്ടർ അതോറിറ്റി മുഖേന ഡിപ്പോസിറ്റ് വർക്സ് മാതൃകയിലാണ് പണികൾ പൂർത്തിയാക്കിയത്.പദ്ധതിയുടെ ഭാഗമായി എട്ടുലക്ഷം രൂപ ചെലവിട്ട് ഫിൽറ്ററിംഗ് സംവിധാനം, ആറുലക്ഷം രൂപ മുടക്കി ടാങ്ക് നിർമ്മാണം, പഴയ കിണറിന്റെ നവീകരണം എന്നിവയും നടന്നു. വിപുലീകരണത്തോടെ കൂടുതൽ കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷനുകൾ നൽകാനാകുമെന്നും കൗൺസിലർ സാവിയോ കാവുകാട്ട് പറഞ്ഞു.

Hot Topics

Related Articles