ബഹ്റൈച്ച്: ഉത്തർപ്രദേശിലെ ബഹ്റൈച്ചില്‍ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു മദ്രസയിലെ ടോയ്ലറ്റിനുള്ളില് 9നും 14നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികളെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി.പയഗ്പൂർ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) അശ്വിനി കുമാർ പാണ്ഡെയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.
പയഗ്പൂർ തഹസില്‍ പരിധിയിലെ പഹല്‍വാര ഗ്രാമത്തിലെ മൂന്ന് നില കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന അനധികൃത മദ്രസയെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം പരിശോധനക്ക് എത്തിയത്. പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ മദ്രസ നടത്തിപ്പുകാർ കെട്ടിടത്തിന്റെ മുകളിലേക്ക് പോകുന്നത് ആദ്യം തടഞ്ഞു. പൊലീസിന്റെ സഹായത്തോടെ അകത്തുകടന്ന ഉദ്യോഗസ്ഥർ ടെറസിലെ ടോയ്ലറ്റ് പൂട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥർ വാതില്‍ തുറന്നപ്പോള്‍ ഭയന്നുവിറച്ച നിലയില്‍ 40 പെണ്‍കുട്ടികള്‍ ഓരോരുത്തരായി പുറത്തുവന്നു. അവർക്ക് വ്യക്തമായി സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് എസ്ഡിഎം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മദ്രസയുടെ രജിസ്ട്രേഷനും നിയമപരവും ആയ കാര്യങ്ങള്‍ പരിശോധിക്കാൻ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ മുഹമ്മദ് ഖാലിദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വർഷമായി രജിസ്ട്രേഷനില്ലാതെയാണ് മദ്രസ പ്രവർത്തിച്ചിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. എട്ട് മുറികളുണ്ടായിട്ടും കുട്ടികളെ എന്തിനാണ് ടോയ്ലറ്റില് ഒളിപ്പിച്ചതെന്ന ചോദ്യത്തിന്, ബഹളത്തിനിടയില്‍ പേടിച്ച് കുട്ടികള്‍ സ്വയം പൂട്ടിയിരുന്നതാണെന്ന് അധ്യാപിക തക്സീം ഫാത്തിമ മറുപടി നല്കി.
മദ്രസയുടെ രേഖകള്‍ പരിശോധിക്കുകയും സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കുട്ടികളെ സുരക്ഷിതമായി വീടുകളിലേക്ക് അയക്കാൻ മാനേജ്മെന്റിന് നിർദ്ദേശം നല്‍കിയെന്നും എല്ലാവരും വീട്ടില്‍ തിരിച്ചെത്തിയതായും മുഹമ്മദ് ഖാലിദ് അറിയിച്ചു. അതേസമയം, ഇതുവരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, എസ്ഡിഎമ്മോ രക്ഷിതാക്കളോ പരാതി നല്കിയാല് ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (സിറ്റി) രമാനന്ദ് പ്രസാദ് കുശ്വാഹ വ്യക്തമാക്കി.


