30 വർഷത്തിന് ശേഷം ബന്ധം പുതുക്കിയെത്തി; അധ്യാപികയിൽ നിന്ന് സ്വർണ്ണവും പണവും തട്ടിയ മുൻവിദ്യാർത്ഥി അറസ്റ്റിൽ

മലപ്പുറം: അധ്യാപികയുടെ വിശ്വാസം ചൂഷണം ചെയ്ത് പണവും സ്വർണവും തട്ടിയ കേസിൽ 30 വർഷങ്ങൾക്ക് ശേഷം പുനർബന്ധം സ്ഥാപിച്ച മുൻവിദ്യാർത്ഥി പൊലീസിന്റെ പിടിയിലായി. മലപ്പുറം തലക്കടത്തൂർ സ്വദേശി ഫിറോസ് (51) ആണ് പരപ്പനങ്ങാടി പൊലീസ് കർണാടകയിൽ നിന്ന് പിടികൂടിയത്.1988-90 കാലയളവിൽ അധ്യാപികയുടെ ക്ലാസിൽ പഠിച്ചിരുന്ന ഫിറോസ്, വർഷങ്ങൾക്ക് ശേഷം വീണ്ടും ബന്ധപ്പെടുകയായിരുന്നു. സ്വർണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനെന്ന വ്യാജേനയാണ് അധ്യാപികയിൽ നിന്ന് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കിയത്.ആദ്യം പരീക്ഷണത്തിന് ഒരു ലക്ഷം രൂപ വാങ്ങിയ ഫിറോസ് 4,000 രൂപ ലാഭവിഹിതം തിരികെ നൽകി വിശ്വാസം നേടുകയായിരുന്നു. പിന്നാലെ മൂന്ന് ലക്ഷം രൂപ കൂടി വാങ്ങി 12,000 രൂപ അധ്യാപികയ്ക്ക് കൈമാറി. തുടർന്ന് നിരവധി തവണയായി വലിയ തോതിൽ പണവും സ്വർണ്ണവും കൈപ്പറ്റിയ ശേഷം പ്രതി മുങ്ങുകയായിരുന്നു.അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന ഫിറോസിനെ കർണാടകയിൽ നിന്നാണ് പിടികൂടിയത്.

Advertisements

Hot Topics

Related Articles