കോട്ടയം: കലാ-നാടക രംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് കലാരത്നം ആർട്ടിസ്റ്റ് സുജാതന് പ്രൊ. സി.ആർ. ഓമനക്കുട്ടൻ ഫൗണ്ടേഷന്റെ രണ്ടാമത് പുരസ്ക്കാരം ലഭിക്കും.25,000 രൂപയും ശിൽപ്പവും ഉൾപ്പെടുന്ന പുരസ്ക്കാരം ഒക്ടോബർ 5-ന് വൈകിട്ട് 5 മണിക്ക് ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന സി.ആർ. ഓമനക്കുട്ടൻ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കും. ചടങ്ങിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തും.ആർട്ടിസ്റ്റ് സുജാതനെ പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തത് എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, ഓമനക്കുട്ടൻ ഫൗണ്ടേഷൻ ചെയർമാൻ വി. ജയകുമാർ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ്.ഫൗണ്ടേഷന്റെ ആദ്യ പുരസ്ക്കാരം നടൻ വിജയരാഘവനാണ് നേടിയിരുന്നത്.അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 4 മുതൽ ‘ആത്മപാട്ടുകൂട്ടം’ പഴയ നാടക-സിനിമാഗാനങ്ങൾ അവതരിപ്പിക്കും.
പ്രൊ. സി.ആർ. ഓമനക്കുട്ടൻ ഫൗണ്ടേഷൻ അവാർഡ് ആർട്ടിസ്റ്റ് സുജാതന്


