ചെന്നൈ:തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ 19കാരിയായ യുവതിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പൊലീസ് കോൺസ്റ്റബിളുകൾക്കെതിരെ കർശന നടപടി. തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന കോൺസ്റ്റബിളുകൾ സുരേഷ് രാജ് , സുന്ദർ എന്നിവരെയാണ് സേവനത്തിൽ നിന്ന് പുറത്താക്കിയത്.ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതി മൂത്ത സഹോദരിയോടൊപ്പമാണ് വാനിൽ തിരുവണ്ണാമലയിലേക്കു പോയിരുന്നത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെ എന്താൾ ബൈപ്പാസ് മേഖലയിൽ വാഹന പരിശോധനയ്ക്കായി വാൻ പൊലീസ് തടഞ്ഞു.
ഡ്രൈവറെ ചോദ്യം ചെയ്തതിനുശേഷം കോൺസ്റ്റബിളുകൾ സഹോദരിമാരെ ഇറങ്ങാൻ ആവശ്യപ്പെട്ടു.തുടർന്ന് ഇരുവരെയും അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ, മൂത്ത സഹോദരിയുടെ മുന്നിൽ വെച്ച് ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുലർച്ചെ നാലുമണിയോടെ ഇരകളെ റോഡരികിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.റോഡരികിൽ ഇരുവരെയും കണ്ട സമീപത്തെ ഇഷ്ടിക ചൂള തൊഴിലാളികൾ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റി. സംഭവം പുറത്തറിഞ്ഞതോടെ പൊലീസിന്റെ മേധാവിത്വം നടപടി സ്വീകരിച്ച് പ്രതികളായ കോൺസ്റ്റബിളുകളെ പിരിച്ചുവിട്ടു.


