തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥികള്‍ സഹപാഠിയുടെ വീട് കയറി മർദിച്ചു. ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഇന്നലെ രാത്രിയിലായിരുന്നു സംഭവം.ഒരു സംഘം പ്ലസ് ടു വിദ്യാർഥികള്‍ വീട്ടില്‍ കയറി മർദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പ്ലസ്ടു വിദ്യാർഥി അഭയ് (17) നാണ് പരിക്കേറ്റത്. സ്‌കൂളില്‍ വെച്ചുണ്ടായ സംഘർഷത്തിന്റെ ബാക്കി പതിപ്പായിരുന്നു വീട് കയറി . മാതാപിതാക്കള്‍ നോക്കി നില്‍ക്കെയാണ് അഭയ്‌യെ സംഘം ആക്രമിച്ചത്.ഇന്നലെ രാത്രി 9 മണിക്ക് ബൈക്കിലെത്തിയ 15 ഓളം വരുന്ന സംഘമാണ് വീട് കയറി മർദ്ദിച്ചത്. തുണ്ടത്തില്‍ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് അഭയ്. കുട്ടിയുടെ കയ്യിലും മൂക്കിലും പരിക്കേറ്റിട്ടുണ്ട്.
ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു വീട് കയറി അക്രമം നടന്നത്.ഇന്നലെ സ്കൂളില്‍ വിദ്യാർത്ഥികള്‍ തമ്മില്‍ സംഘർഷം നടന്നിരുന്നു. പല ക്ലാസിലെ കുട്ടികള്‍ തമ്മിലാണ് പ്രശ്നം ഉണ്ടായത്.സംഘർഷത്തിനിടയില്‍പ്പെട്ട സുഹൃത്തിനെ അഭയ് പിടിച്ചു മാറ്റിയിരുന്നു. പ്രശ്നം പരിഹരിക്കാനും ശ്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് രാത്രി ഒരു സംഘം വീടു കയറി ആക്രമിച്ചത്. പരിക്കേറ്റ അഭയ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്. മാതാപിതാക്കള്‍ വിവരം അറിയിച്ചതിനെ തുർന്ന് ഉടൻ തന്നെ പോത്തൻകോട് പോലീസ് സ്ഥലത്തെത്തിയിരുന്നു. പോത്തൻകോട് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.


