ഡൽഹി കലാപകേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ പിൻവലിച്ചു

ന്യൂഡൽഹി: ഡല്‍ഹി കലാപ കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഷർജീല്‍ ഇമാം ജാമ്യാപേക്ഷ പിൻവലിച്ചു.സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് പിൻവലിച്ചതെന്ന് ഷർജീലിന്റെ അഭിഭാഷകൻ പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ജാമ്യം തേടിയാണ് ഡല്‍ഹി കർക്കാർഡൂമ കോടതിയെ സമീപിച്ചിരുന്നത്.ജാമ്യം ലഭിച്ചാല്‍ മാത്രമേ തനിക്ക് ബിഹാർ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സാധിക്കുകയുള്ളൂ എന്നതിനാലാണ് ഡല്‍ഹി കർക്കാർഡൂമ കോടതിയില്‍ അപേക്ഷ സമർപ്പിച്ചത്. ബിഹാറിലെ ബഹാദൂർ മണ്ഡലത്തില്‍ മത്സരിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനിച്ചെങ്കിലും അതോടനുബന്ധിച്ച പ്രചാരണ പരിപാടികള്‍ക്ക് ജയിലിരുന്ന് നേത‍ൃത്വം നല്‍കാനാവില്ലെന്നും തന്നെ സഹായിക്കാൻ ആരുമില്ലാത്തതിനാല്‍ താൻ പുറത്തിറങ്ങിയാല്‍ മാത്രമേ പ്രചരണങ്ങള്‍ നടക്കുകയുള്ളൂവെന്നും പറഞ്ഞാണ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.

Advertisements

എന്നാല്‍, ശർജീല്‍ ഇമാമും ഉമർ ഖാലിദുമടക്കമുള്ളവരുടെ ജാമ്യാപേക്ഷ സുപ്രിംകോടതി പരിഗണിക്കാനിരിക്കെ മറ്റൊരു ജാമ്യാപേക്ഷ കീഴ്ക്കോടതിയില്‍ നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പിൻവലിക്കുന്നതെന്ന് ഷർജീലിന്റെ അഭിഭാഷകൻ അറിയിച്ചു. സുപ്രിംകോടതിയുടെ വിധി വന്നതിന് ശേഷം ആവശ്യമെങ്കില്‍ കീഴ്ക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ അരവിന്ദ് കെജ്‌രിവാള്‍ അ‍ടക്കമുള്ളവർ ജയിലിലായിരുന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.ഡല്‍ഹി ജെഎൻയുവിലെ പിഎച്ഡി വിദ്യാർഥിയായിരിക്കെ സിഎഎ സമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റിലായ ഷർജീല്‍ കലാപത്തിന് ആസൂത്രണം നടത്തി എന്നതടക്കം എട്ട് കേസുകളുടെ പേരില്‍ 2020 മുതല്‍ തിഹാർ ജയിലിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിഎഎ വിരുദ്ധ സമരകാലത്ത് ഷർജീല്‍ ഷഹീൻ ബാഗില്‍ നടത്തിയ സമരവും പ്രഭാഷണവുമാണ് പിന്നീട് ഇന്ത്യൻ പീനല്‍ കോഡ് 1860 പ്രകാരമുള്ള രാജ്യദ്രോഹം, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തല്‍, ദേശായോദ്ഗ്രഥനത്തിന് ഹാനികരമായ പ്രസ്താവനകള്‍, വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകള്‍, യുഎപിഎ നിയമപ്രകാരമുള്ള പ്രവർത്തനം എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കേസിലേക്ക് നയിച്ചത്.

Hot Topics

Related Articles