ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ ചെറുക്കാൻ തമിഴ്നാട് സർക്കാർ സംസ്ഥാനത്ത് ഹിന്ദി നിരോധിക്കുന്നതിനായി ബിൽ കൊണ്ടുവരാൻ ഒരുങ്ങുന്നു. സംസ്ഥാനത്തെ ഹിന്ദി ഹോർഡിംഗുകളും ബോർഡുകളും, സിനിമകളും, പാട്ടുകളുമെല്ലാം നിരോധിക്കുന്നതിനുള്ള നിയമമാണ് തയ്യാറാക്കുന്നത് എന്നാണ് റിപ്പോർട്ട്.നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബിൽ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി വിദഗ്ധരുമായുള്ള അടിയന്തര യോഗം ചേർന്നതായും വിവരമുണ്ട്.സംസ്ഥാന ബജറ്റിന്റെ ലോഗോയിൽ തമിഴ് ചിഹ്നം ഉൾപ്പെടുത്തി ഔദ്യോഗിക ഇന്ത്യൻ രൂപ ചിഹ്നം ഒഴിവാക്കിയതും തമിഴ് ഭാഷാ പ്രോത്സാഹനത്തിനായുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഈ മാറ്റം വരുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേശീയ ചിഹ്നത്തെ നിരാകരിക്കുകയല്ല, മറിച്ച് തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണിതെന്ന് ഡിഎംകെ വ്യക്തമാക്കി. ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യാനില്ലെന്നും ഹിന്ദി അടിച്ചേൽപ്പിക്കലിനാണ് തങ്ങൾ എതിര്പ്പെടുന്നതെന്നും മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ വ്യക്തമാക്കി.അതേസമയം, വിഡ്ഢിത്തവും അസംബന്ധവുമായ നീക്കമാണിതെന്നും ഭാഷയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കരുതെന്നും ബിജെപി നേതാവ് വിനോജ് സെൽവം പ്രതികരിച്ചു.


