ബംഗളൂർ :ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം അപകടമരണമായി നടിച്ച ഭർത്താവ് പൊലീസ് പിടിയിൽ. ബംഗളൂരുവിലെ ഹെബ്ബഗോഡി പ്രദേശത്ത് താമസിക്കുന്ന രേഷ്മ (32) നെയാണ് ഭർത്താവ് പ്രശാന്ത് കുമാർ (35) കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഒക്ടോബർ 15 നാണ് രേഷ്മയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ബെല്ലാരിയിൽ നിന്നുള്ള പ്രശാന്ത് കുമാറും മുംബൈ സ്വദേശിനിയായ രേഷ്മയും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവരാണ്. ഒൻപത് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. മുൻ വിവാഹത്തിൽ ജനിച്ച മകളോടൊപ്പമാണ് രേഷ്മ ഹെബ്ബഗോഡിയിൽ താമസിച്ചിരുന്നത്.
അന്ന് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ മകളാണ് കുളിമുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന അമ്മയെ ആദ്യം കണ്ടത്. മകൾ ഉടൻ രേഷ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും ഇരുവരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആദ്യമായി പ്രശാന്ത് നൽകിയ മൊഴി പ്രകാരം, രേഷ്മ കുളിക്കുമ്പോൾ ഇലക്ട്രിക് ഹീറ്ററിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്ന് പറഞ്ഞിരുന്നു. എന്നാൽ കുളിമുറി പുറത്ത് നിന്ന് അടച്ച നിലയിലായിരുന്നതും വീട്ടുവാതിൽ തുറന്നിട്ടിരുന്നതുമാണ് രേഷ്മയുടെ ബന്ധുക്കൾക്ക് സംശയം തോന്നിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രേഷ്മയുടെ സഹോദരി നൽകിയ പരാതിയെ തുടർന്ന് പൊലീസിന്റെ അന്വേഷണം പ്രശാന്ത് കുമാറിനെയാണ് ലക്ഷ്യമാക്കിയത്. പിന്നീട് ഹോസൂരിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.തൊട്ടുപിന്നീട് ചോദ്യം ചെയ്യലിൽ പ്രശാന്ത് കുറ്റസമ്മതം നടത്തി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കൊലപാതകം നടത്തിയതാണെന്ന് ഇയാൾ പറഞ്ഞു. കൊലപാതകത്തിന് മുൻ ദിവസം ഫോണിലൂടെ മറ്റൊരാളുമായി രേഷ്മ സംസാരിച്ചെന്ന കാര്യം തർക്കത്തിനും കൊലപാതകത്തിനും വഴിവെച്ചു.കൊലപ്പെടുത്തിയശേഷം മൃതദേഹം കുളിമുറിയിലേക്ക് മാറ്റി വൈദ്യുതാഘാതമായാണ് ചിത്രീകരിച്ചത്. പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയ പൊലീസ്, ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ പ്രവേശിപ്പിച്ചു.


