തൃശൂര്: ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നടപടിക്രമങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്തതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. എസ്ബിഐ ഗോൾഡ് ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിച്ച സ്വർണ്ണം യഥാസമയം പുതുക്കി വെയ്ക്കാത്തതിനാൽ 79 ലക്ഷം രൂപ നഷ്ടം വന്നതായും റിപ്പോർട്ട് . ഭക്തർ നൽകിയ ചാക്ക് കണക്കിന് മഞ്ചാടിക്കുരു കാണാതായി, കുങ്കുമപ്പൂവ് രേഖകളിൽ കൊള്ളിച്ചില്ല തുടങ്ങിയ കാര്യങ്ങളും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയിട്ടുണ്ടെന്നും ഗുരുവായൂർ ദേവസ്വം പ്രതികരിച്ചു. 2019 മുതൽ 22 വരെയുള്ള കാലത്തെ ഓഡിറ്റ് റിപ്പോർട്ട് ആണ് പുറത്തുവന്നത്. നടപടികളിലെ പിഴവാണ് റിപ്പോർട്ടിൽ ഉടനീളം ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്രത്തിൽ ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അക്കൗണ്ട് ചെയ്യുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട് സ്വദേശി 2002ൽ ക്ഷേത്രത്തിൽ നൽകിയ 2000 കിലോ തൂക്കം വരുന്ന 15 ലക്ഷം രൂപ വിലയുള്ള ഉരുളി എവിടെയും കണക്കിൽ ചേർത്തിട്ടില്ല.പുന്നത്തൂർ ആനക്കോട്ടയിലെ ആനക്കൊമ്പ് ചെത്തിയതിൽ 530ലധികം കിലോ കാണാനില്ലെന്ന വിചിത്രമായ വിവരവും ഓഡിറ്റ് റിപ്പോർട്ടിന്റെ ഭാഗമായുണ്ട് . എന്നാൽ ഇക്കാര്യം സോഷ്യൽ ഫോറസ്റ്റ് എസ്എഫ് ഒ നിഷേധിക്കുന്നുണ്ട്. ആനക്കോട്ടയിൽ നിന്ന് ശേഖരിച്ച് ആനക്കൊമ്പിന്റെ അവശിഷ്ടങ്ങൾ പൂർണമായും സർക്കാർ ലോക്കറിൽ ഉണ്ടെന്നാണ് എസ്എഫ്ഒ പ്രതികരിച്ചത്.
ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച പരാതി സ്വകാര്യ വ്യക്തി സമർപ്പിച്ചിട്ടുണ്ട്. ഹർജിക്ക് മറുപടി സത്യവാങ്മൂലം ദേവസ്വം സമർപ്പിച്ചിട്ടുമുണ്ട് . ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം കമ്മീഷണർക്ക് ലഭിച്ചതിന് പിന്നാലെ സംശയ ദൂരീകരണം നടത്തിയിട്ടുണ്ടെന്നും ക്രമക്കേടുകൾ ഗുരുവായൂർ ദിവസത്തിൽ സംഭവിച്ചിട്ടില്ലെന്നും ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ വിജയൻ വിശദീകരിക്കുന്നു.


