കോട്ടയം: കുമ്മനത്ത് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ അരലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമം. കുമ്മനത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദമ്പതിമാരുടെ ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമം നടന്നത്. ഈരാറ്റുപേട്ട സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടിയെ വാങ്ങാൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കുട്ടിയെ വിൽക്കാൻ ശ്രമിച്ച മാതാപിതാക്കളെ കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.കുട്ടിയെ അൻപതിനായിരം രൂപയ്ക്ക് വിൽക്കാനായിരുന്നു ദമ്പതിമാരുടെ ശ്രമം. ഇതിനായി ഇവർ ആയിരം രൂപ അഡ്വാൻസും കൈപ്പറ്റിയിരുന്നതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. അസം സ്വദേശികളായ ദമ്പതിമാർക്ക് മൂന്നു മാസവും മൂന്ന് വയസുമുള്ള രണ്ട് കുട്ടികളാണ് ഉള്ളത്. ഇതിൽ മൂന്നു മാസം പ്രായമുള്ള കുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ വാങ്ങാനായി ഈരാറ്റുപേട്ട സ്വദേശി എത്തിയപ്പോൾ പ്രദേശവാസികൾക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ഇവർ ഇടപെട്ടതോടെ വാങ്ങാനെത്തിയ ആൾ മടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഇന്ന് രാവിലെ നാട്ടുകാർ വിവരം കുമരകം പൊലീസിൽ അറിയിക്കുകയായിരുന്നു. കുമരകം പൊലീസ് സംഘം സ്ഥലത്ത് എത്തി മാതാപിതാക്കളെ ചോദ്യം ചെയ്തു. ഇതോടെ ഇവർ സംഭവം സമ്മതിക്കുകയായിരുന്നു. ഇതിന് ശേഷം മാതാപിതാക്കളെ കുമരകം പൊലീസ് സംഘം സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ഇവരെ ഇവിടെ ചോദ്യം ചെയ്യുകയായിരുന്നു. കുട്ടിയെ വാങ്ങാനെത്തിയ ഈരാറ്റുപേട്ട സ്വദേശിയെ കണ്ടെത്താനാണ് ചോദ്യം ചെയ്യൽ. കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.


