കുണ്ടന്നൂർ:കുണ്ടന്നൂരിൽ സ്റ്റീൽ കമ്പനി ഉടമയെ തോക്കുചൂണ്ടി തട്ടിയെടുത്ത പണംകൊണ്ട് വാങ്ങിയ ഏലക്കയുടെ ഉടമസ്ഥാവകാശം പണം നഷ്ടപ്പെട്ടയാളിന് ലഭിക്കാനാണ് സാധ്യത. 14 ലക്ഷം രൂപ മുടക്കി പ്രതികൾ വാങ്ങിയ 578 കിലോ ഏലക്ക (ഏകദേശം 10 ചാക്കുകൾ) ഇപ്പോൾ മരട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.പണം നഷ്ടപ്പെട്ട കമ്പനി ഉടമയ്ക്ക് ഏലം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. കോടതി അനുമതി നൽകിയാൽ ഏലം ഉടമയ്ക്ക് കൈമാറുമെന്നും മരട് പൊലീസ് അറിയിച്ചു.
“അപേക്ഷ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ഉടൻതന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ,” പൊലീസ് വ്യക്തമാക്കി.തട്ടിയെടുത്ത 81 ലക്ഷം രൂപയിൽ ഏലക്ക ഉൾപ്പെടെ 67 ലക്ഷം രൂപ പൊലീസ് തിരിച്ചുപിടിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട 12 പ്രതികളെയും പൊലീസ് ഇതിനോടകം പിടികൂടി. ഒളിവിലായിരുന്ന പ്രധാന പ്രതികളിലൊരാളായ രാഹുലിനെയും അടുത്തിടെ പൊലീസ് അറസ്റ്റുചെയ്തു.കേസിലെ പ്രധാന പ്രതി ജോജി കവർച്ചയ്ക്കുശേഷം ഇടുക്കിയിലേക്ക് പോയി. ഇയാൾ പണം സുരക്ഷിതമായി സൂക്ഷിക്കാനെന്ന പേരിൽ 14 ലക്ഷം രൂപ മുടക്കി ഏലം വാങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുരിക്കാശേരി സ്വദേശി ലെനിൻ ബിജു ഇടനിലക്കാരനായിരുന്നു. ഇരുവരെയും പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. ജോജിയിൽ നിന്ന് ഏലത്തിനൊപ്പം 30 ലക്ഷത്തോളം രൂപയും നാട്ടിക സ്വദേശി പി.വി. വിഷ്ണുവിൽ നിന്ന് 20 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു.മുഖംമൂടി ധരിച്ച മൂന്ന് പേരിൽ രാഹുലിനെ ഒഴികെ ജെയ്‌സൽ ഫ്രാൻസിസ് (മുരിക്കാശേരി) അബിൻസ് കുര്യാക്കോസ് (ഉടുമ്പൻച്ചോല) എന്നിവരെ മുൻപ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയിരുന്നു. ഒടുവിൽ രാഹുലിനെയും പൊലീസ് അറസ്റ്റുചെയ്തു.
കവർച്ചയിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഭിഭാഷകൻ നിഖിൽ നരേന്ദ്രനാഥ്, ബുഷ്റ, ആസിഫ് ഇക്ബാൽ എന്നിവരെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് ഒളിവിൽ പോകാനും സാമ്പത്തികമായി സഹായിക്കാനും ശ്രമിച്ചവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.അന്വേഷണം അവസാനഘട്ടത്തിലാണ് എന്നും, ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതോടെ അന്തിമനടപടികളിലേക്ക് കടക്കുമെന്നും മരട് പൊലീസ് അറിയിച്ചു

