തിരുവനന്തപുരം :ശസ്ത്രക്രിയാ പിഴവിന്റെ പേരിൽ ഒമ്പത് വിരലുകൾ നഷ്ടപ്പെട്ടിട്ടും നീതി ലഭിക്കാതിരുന്നുവെന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ എം.എസ്. നീതു (31) ആരോപിക്കുന്നു. കൊഴുപ്പുനീക്കം ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവാണ് ജീവിതം തന്നെ തകർത്തതെന്ന് അവർ പറയുന്നു.”സമൂഹവും സംവിധാനവും എനിക്കെതിരെ തിരിഞ്ഞപ്പോൾ ഞാൻ എന്തു ചെയ്യാൻ? കൊഴുപ്പുനീക്ക ശസ്ത്രക്രിയ (ലൈപോസക്‌ഷൻ) നടത്താൻ ക്ലിനിക്കിന് അന്നും ഇന്നും അനുമതി ഇല്ല. മെഡിക്കൽ എക്സ്‌പെർട് കമ്മിറ്റിയും മെഡിക്കൽ ബോർഡും ഇരയ്ക്ക് എതിരായി നിൽക്കുമ്പോൾ നീതി എവിടെ നിന്നാണ് കിട്ടാൻ പോകുന്നത്?” – നീതു ചോദിക്കുന്നു.ശസ്ത്രക്രിയാ പിഴവിനെത്തുടർന്ന് വിരലുകൾ നഷ്ടപ്പെട്ട നീതുവിന് ഇപ്പോൾ നടക്കാനും പ്രയാസം.
“പ്രയാസപ്പെട്ട് നടക്കുന്നതിനിടെ കാലൊന്ന് പിഴച്ചാൽ ചുമരിൽ പിടിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്,” അവർ പറയുന്നു.തിരുവനന്തപുരത്താണ് ശസ്ത്രക്രിയ നടത്തിയ ക്ലിനിക്കും, പിന്നീട് ചികിത്സ തേടിയ ആശുപത്രിയും സ്ഥിതിചെയ്യുന്നത്. മെഡിക്കൽ ബോർഡിലെ ആറു പേരും ,ആരോഗ്യ ഡയറക്ടർ ഉൾപ്പെടെ — ഇവിടെയാണ് ജോലി ചെയ്യുന്നത്. എങ്കിലും, ബോർഡിന്റെ രണ്ട് യോഗങ്ങളും എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു.ജൂലൈ 5ന് ചേർന്ന ആദ്യ യോഗത്തിൽ ബോർഡ് അംഗങ്ങൾ പറഞ്ഞത് ഇങ്ങനെ ആയിരുന്നു:“ആശുപത്രിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് എക്സ്‌പെർട് കമ്മിറ്റിയുടെ റിപ്പോർട്ട്. ചികിത്സയുടെ കേസ് ഷീറ്റുകൾ പരിശോധിച്ചശേഷമേ തീരുമാനം എടുക്കാനാകൂ.ഞാൻ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ എല്ലാം എഴുതിത്തരണമെന്ന് പറഞ്ഞു. എഴുതി നൽകാനാണെങ്കിൽ നേരിട്ടുള്ള ഹിയറിങ് വേണ്ടിയിരുന്നോ?” നീതു ചോദിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നീതുവിന്റെ അഭിഭാഷകൻ ക്ലിനിക്കിന്റെ വാദങ്ങൾ അറിയാൻ ആരോഗ്യ ഡയറക്ടർക്ക് ഇമെയിൽ അയച്ചെങ്കിലും, ആ ആവശ്യം ഡയറക്ടർ നിരസിച്ചു. “പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. ക്ലിനിക്കിന് വീഴ്ചയില്ലെന്ന് ബോർഡ് കണ്ടെത്തി. നഷ്ടപരിഹാരം വേണമെങ്കിൽ സിവിൽ കേസ് കൊടുക്കാമെന്നും അവർ പറയുന്നു,” – നീതു പറയുന്നു.”ക്ലിനിക്കിന് വീഴ്ച സംഭവിച്ചില്ലെന്ന് ഉറപ്പിച്ച് പറയുകയും, അതേസമയം നഷ്ടപരിഹാരം തേടാൻ കോടതിയിൽ പോകാമെന്നും പറയുന്ന സംവിധാനം തന്നെ എനിക്കെതിരെ പ്രവർത്തിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു,” – നീതു കൂട്ടിച്ചേർത്തു.
ശസ്ത്രക്രിയാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ഏഴ് മുതിർന്ന ഡോക്ടർമാർ ഉൾപ്പെട്ട സമിതി രൂപീകരിച്ചിരുന്നു. മേയ് 8നാണ് കമ്മിറ്റി യോഗം ചേർന്നത്. ക്ലിനിക്കിന് വീഴ്ചയില്ലെന്നതായിരുന്നു അവരുടെയും നിഗമനം.


