അങ്കമാലി :കറുകുറ്റിക്കടുത്ത് കരിപ്പാലയിൽ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ റോസിലി (66)യെ പൊലീസ് അറസ്റ്റു ചെയ്തു. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്ന് കരുതപ്പെടുന്നു.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിനെ തുടർന്ന് കുഞ്ഞ് ഡൽന മരിയ സാറയുടെ മൃതദേഹം ഇന്ന് വൈകിട്ട് നാലുമണിയോടെ എടക്കുന്നം സെന്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.അറസ്റ്റിലായ റോസിലി ചികിത്സയിൽ കഴിയുന്നതിനാൽ ആശുപത്രിയിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇവരെ കോടതിയിൽ ഹാജരാക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ആരോഗ്യനില മോശമായതിനാൽ ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിലാക്കാനാണ് സാധ്യത.ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് കൊല്ലപ്പെട്ട കുഞ്ഞ് ഡൽന. കുഞ്ഞിന്റെ ജ്യേഷ്ഠൻ ഡാനിയേലിന്റെ നാലാം പിറന്നാൾ ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഈ ദാരുണസംഭവം നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാതാപിതാക്കൾ അസുഖബാധിതരായതിനെ തുടർന്ന് റൂത്ത് ഒരു വർഷം മുൻപ് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പ്രസവിക്കുകയും കുഞ്ഞിന്റെ മാമോദീസയ്ക്ക് ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയായിരുന്നു ദുരന്തം.മാനസിക പ്രശ്നങ്ങൾ നേരിടുന്ന റോസിലി അടുത്തിടെ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ ഇന്നലെ രാവിലെ ഒമ്പതു മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച് സമീപം കിടത്തിയതിനുശേഷം റൂത്ത് ഭക്ഷണം എടുക്കാനായി അകത്തേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ രക്തക്കുളത്തിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ കണ്ടത്.
വീട്ടിലെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്വേഷണം നടത്തി പൊലിസ് റോസിലിയെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് ഇന്ന് രാവിലെ ഔദ്യോഗികമായി റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.


