കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുണ്ടൂർ പ്രദേശത്തുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു പന്നിഫാമിലായിരുന്നു പന്നികൾ കൂട്ടത്തോടെ ചത്തു ഒടുങ്ങിയത്.വ്യത്യസ്തമായ ലക്ഷണങ്ങളോടെ 20ലധികം പന്നികൾ അസ്വാഭാവികമായി ചത്തതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഇടപെട്ടിരുന്നു. ചത്ത പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു.
കഴിഞ്ഞ ദിവസം ലഭിച്ച പരിശോധനാഫലത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.ജില്ലയിൽ ആദ്യമായാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്. വളർത്തുപന്നികളിലും കാട്ടുപന്നികളിലും അതിവേഗം പടരുന്ന രോഗമാണിത്. മനുഷ്യരിൽ രോഗബാധയില്ലെങ്കിലും, പന്നികളിൽ 100 ശതമാനത്തോളം മരണനിരക്ക് ഉണ്ടാക്കുന്ന അത്യന്തം ഗൗരവകരമായ വൈറസ് രോഗമാണിത്.പന്നികളുടെ രക്തം, മാംസം, അവശിഷ്ടങ്ങൾ, രോഗബാധിത പന്നികളുമായുള്ള നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ രോഗം പടരാമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.


