ആർജെഡി ജില്ലാ കൺവൻഷൻ കോട്ടയത്ത് സംസ്ഥാന പ്രസിഡൻ്റ് എം.വി.ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം : ആർജെഡി ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എം. വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യുന്നു ,സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ്, ജനറൽ സെക്രട്ടറി അഡ്വ. ജമീലാ പ്രകാശം, ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് , പീറ്റർ പന്തലാനി, ബെന്നി കുര്യൻ, എൻ. കെ. വത്സൻ തുടങ്ങിയവർ സമീപം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായി മാറിയെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം. വി. ശ്രേയാംസ് കുമാർ പറഞ്ഞു. ആർജെഡി കോട്ടയം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ വോട്ട് ചെയ്ത ബിജെപിയുടെ നേതാക്കൾ രണ്ടാമത്തെ വോട്ട് ബീഹാറിലും ചെയ്തു. എസ്ഐആറിന്റെ ഗുണഭോക്താക്കൾ ബിജെപി തന്നെയാണ്. ന്യൂനപക്ഷങ്ങളും ദലിതരുമടക്കം ബിജെപിക്ക് വോട്ട് ചെയ്യാത്തവരെയാണ് 90 ശതമാനവും ഒഴിവാക്കുന്നത്. ജനങ്ങളുടെ അവകാശമാണ് കവർന്നെടുക്കുന്നത്- അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ പദ്ധതികൾ നമ്മുടെ നികുതിപ്പണമാണ്. അത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല. നികുതിയിനത്തിൽ കേരളം ഒരു രൂപ കൊടുക്കുമ്പോൾ 28 പൈസയാണ് തിരിച്ചുകിട്ടുന്നത്. ബീഹാറിന് നാലോ അഞ്ചോ രൂപ കിട്ടും. ജനസംഖ്യാ നിയന്ത്രണമടക്കുമള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന കേരളം, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾക്ക് അടുത്ത സെൻസസോടെ ധനകാര്യകമ്മീഷന്റെ ഗ്രാന്റിൽ വലിയ കുറവുണ്ടാകും എന്നാൽ ഒരു മാനദണ്ഡവും പാലിക്കാത്ത സംസ്ഥാനങ്ങൾക്ക് വൻ ലാഭമായിരിക്കും.
സിലബസ് മാറ്റി ചരിത്രം വളച്ചൊടിക്കാനാണ് ബിജെപിയുടെ ശ്രമം. ഒരു തലമുറ കഴിയുമ്പോൾ നെഹ്റുവിനെയും രണ്ടോ മൂന്നോ തലമുറ കഴിഞ്ഞാൽ ഗാന്ധിജിയെയും അറിയാതെ പോകും. പിന്നെ സവർക്കറായിരിക്കും ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന രീതിയിലാകും ചരിത്രം. കേരളത്തിൽ ബിഷപ്പുമാരോടുള്ള ബിജെപിയുടെ സ്നേഹം വോട്ടിന് വേണ്ടിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ബിഷപുമാർക്ക് കിട്ടുന്നത് അടിയാണ്. കേരളത്തിൽ വരുമ്പോൾ ബിജെപിക്ക് അവർ ‘മിശിഹാ’ മാരായി മറുന്നു.
ഇന്ത്യയുടെ മതേരത്വവും ബഹുസ്വരതയും മാറ്റിമറിച്ച് ആർഎസ്എസ് അജൻഡ നടപ്പാക്കാണ് ശ്രമം.
ഇതിനെതിരായ പ്രചാരണം ജനങ്ങളിൽ, പ്രത്യേകിച്ചും ചെറുപ്പക്കാരിലെത്തിക്കണം. രാജ്യത്തെ 65 ശതമാനം വരുന്ന ജനങ്ങൾ 35 വയസ്സിൽ താഴെയുള്ളവരാണ്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ചെറുപ്പക്കാരിൽസ്വാധീനം ചെലുത്താനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. ഇതിനെതിരേ ജാഗ്രത വേണം. പാർട്ടിയിൽ ചെറുപ്പക്കാർക്കും സ്ത്രീകൾക്കും കൂടുതൽ അവസരം നൽകണമെന്നും എൽഡിഎഫ് സർക്കാരിന്റെ വികസന, ജനക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കണമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്ന കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ അഡ്വ. ജമീലാ പ്രകാശം, എൻ. കെ. വത്സൻ, സംസ്ഥാന കമ്മറ്റിയംഗം ബെന്നി കുര്യൻ, പീറ്റർ പന്തലാനി, ടി എസ് റഷീദ്, ജോസ് മടുക്കക്കുഴി, ജില്ലാ സെക്രട്ടറി ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു.


