കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കൊടി സുനിയെ ജയിലിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ ഹർജി നൽകി. തവനൂർ ജയിലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റണമെന്നതാണ് ആവശ്യം. ഹർജി പരിഗണിച്ച് സർക്കാർ വിശദീകരണം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.കേസിൽ കൊടി സുനി ഉൾപ്പെടെയുള്ള പ്രതികളുടെ ജയിലിനുള്ളിലെ കുറ്റകൃത്യങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുമ്പ് കൊടി സുനിയെ തവനൂരിലെ ജയിലിലേക്ക് മാറ്റിയത്. ജയിലിനുള്ളിലും ലഹരി വില്പന നടക്കുന്നതായി ജയിൽ സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ മുഖ്യപ്രതികളായ കൊടി സുനിയും കിർമാണി മനോജും ജയിലിനുള്ളിൽ ലഹരി വില്പനയുടെ കണ്ണികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ലഹരി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനൊപ്പം വിൽപ്പനയും നടത്തുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ജയിലിനകത്ത് കൊടി സുനി നിരന്തരം അച്ചടക്കലംഘനം കാട്ടുന്നുവെന്ന കാര്യവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇതിനിടെ ടി.പി. വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പ് അസാധാരണ നീക്കങ്ങൾ നടത്തുന്നതിന്റെ സൂചനകൾ പുറത്ത് വന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘വിടുതൽ’ എന്ന വാക്ക് ഉൾപ്പെടുത്തിയിട്ടുള്ള ഒരു കത്ത് ജയിൽ ആസ്ഥാനത്ത് നിന്ന് സൂപ്രണ്ടുമാർക്ക് അയച്ചതോടെയാണ് സംശയങ്ങൾ ഉയർന്നത്. പ്രതികളെ പരോളിനായോ അല്ലെങ്കിൽ സ്ഥിരമായ വിടുതലിനായോ പരാമർശിച്ചതാണോ എന്നത് വ്യക്തമല്ല.20 വർഷത്തേക്കുള്ള ശിക്ഷായിളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെ സർക്കാരിന്റെ ഇടപെടലാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്.
നീക്കം വിവാദമായതോടെ എ.ഡി.ജി.പി. ബൽറാം കുമാർ ഉപാധ്യായ വിശദീകരണവുമായി രംഗത്തെത്തി. സുരക്ഷാ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായുള്ള ആഭ്യന്തര പരിശോധനയുടെ ഭാഗമായാണ് കത്ത് അയച്ചതെന്നും പ്രതികളെ വിടുതൽ നൽകാനുള്ള നീക്കം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.മാഹി ഇരട്ടക്കൊലക്കേസിലും ടി.പി. വധക്കേസിലെ പ്രതികളായ കൊടി സുനി ഉൾപ്പെടെ ചിലർ പ്രതികളായിരുന്നു. എന്നാൽ ആ കേസിൽ പ്രതികളെ പിന്നീട് കോടതി വെറുതെ വിട്ടിരുന്നു.


