കോട്ടയം ∶ സ്ത്രീശാക്തീകരണത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഉന്നമനത്തിന്റെയും ലക്ഷ്യത്തോടെ, കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകൾക്കും മൈക്രോ സംരംഭകര്ക്കും അവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനുള്ള വേദിയായ കുടുംബശ്രീ പത്തായം പുതുവൈഭവത്തോടെ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ജില്ലാ തലത്തിൽ കുടുംബശ്രീയുടെ കാർഷിക-സംരംഭക പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകുന്ന ഒരു മാതൃകാ വിപണിയാണ് ഈ സംരംഭം.











ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സംഘകൃഷി യൂണിറ്റുകൾ ഉൽപാദിപ്പിക്കുന്ന പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, കായ്കൾ, പയർവർഗങ്ങൾ എന്നിവയ്ക്കൊപ്പം കുടുംബശ്രീ ബ്രാൻഡിൽ തയ്യാറാക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ, മൂല്യവർദ്ധിത ഭക്ഷ്യവസ്തുക്കൾ, ഹോംമെയ്ഡ് ഉൽപ്പന്നങ്ങൾ, മുട്ട, പാലുൽപ്പന്നങ്ങൾ, മൃഗ സംരക്ഷണ മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ എന്നിവയും പത്തായത്തിൽ ലഭ്യമാകും. തദ്ദേശീയതയ്ക്കും ഗുണനിലവാരത്തിനും മുൻതൂക്കം നൽകുന്ന ഇവ ഉപഭോക്താക്കൾക്ക് നേരിട്ടു ലഭ്യമാകുന്നതാണ് പ്രത്യേകത.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം കളക്ടറേറ്റ് അങ്കണത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ബഹു: ജില്ലാ ജഡ്ജ് സുഭാഷ് എസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ പ്രകാശ് ബി. നായർ, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, ജോബി ജോൺ, കോട്ടയം നഗരസഭ സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ജ്യോതിമോൾപിജി എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുടുംബശ്രീ മിഷൻ ഉദ്യോഗസ്ഥരും പ്രവർത്തകരും പങ്കെടുത്തു.
കാർഷിക മേഖലയിൽ കുടുംബശ്രീ അംഗങ്ങൾ ചെയ്യുന്ന ഉൽപാദനത്തെയും ഗ്രാമീണ സംരംഭങ്ങൾക്കും വിപണിയിലെത്താനുള്ള സാധ്യതകളും വർദ്ധിപ്പിക്കുന്നതാണ് പത്തായത്തിന്റെ ലക്ഷ്യം. സമൂഹ വികസന പ്രവർത്തനങ്ങളോടൊപ്പം കുടുംബശ്രീയുടെ സാമ്പത്തിക ശക്തീകരണ ലക്ഷ്യങ്ങളെ മുന്നോട്ട് നയിക്കുന്ന ഒരു അഭിമാനകരമായ സംരംഭമാണ് ഈ പുതുതായി ആരംഭിച്ച പത്തായം.


