ധാക്ക :2024 ജൂലൈ–ഓഗസ്റ്റ് മാസങ്ങളിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനിടെ അനധികൃത വധശിക്ഷകൾ നടപ്പാക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത കേസുകളിൽ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ പ്രത്യേക ട്രൈബ്യൂണലിന്റേതാണ് വിവാദകരമായ ഈ തീരുമാനം.മുൻ ആഭ്യന്തരമന്ത്രി അസദുസമാൻ ഖാനും ഇതേ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടു.
പ്രക്ഷോഭങ്ങൾക്കിടെ നടന്ന കൂട്ടക്കൊല, അനധികൃത തടങ്കൽ, അതിക്രമ നിർദേശങ്ങൾ എന്നിവയിൽ പ്രതികൾക്ക് നേരെ ശക്തമായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.രാജ്യത്ത് നടന്ന കലാപത്തെ തുടർന്ന് സ്ഥാനഭ്രഷ്ടയാക്കിയ ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിലവിലെ ഇടക്കാല സർക്കാരും മുഹമ്മദ് യൂനുസും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയതാണെന്നും ഹസീന ആരോപിച്ചു.“അല്ലാഹു എനിക്ക് ജീവൻ നൽകി, അല്ലാഹു തന്നെയാണ് അത് എടുക്കുക. ഞാൻ എന്റെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും” എന്നാണ് ഓഡിയോ സന്ദേശത്തിലൂടെ ഹസീന പ്രതികരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിധിയെ തുടർന്ന് ധാക്കയിലും വിവിധ ജില്ലകളിലും അവാമി ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നതോടെ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ രൂക്ഷമായി.ഇന്ത്യ–ബംഗ്ലാദേശ് ബന്ധത്തിന് വിധി പുതിയ സമ്മർദ്ദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയിൽ പ്രവാസത്തിൽ കഴിയുന്ന ഹസീനയെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഔദ്യോഗിക ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്.


