കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പോരാട്ടം കനക്കുന്നു. കോൺഗ്രസിനും യുഡിഎഫിനും ബാലികേറാ മലയായിരുന്ന കുമരത്ത് കരുത്ത് വർദ്ധിപ്പിക്കാൻ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് കോൺഗ്രസും യുഡിഎഫും ഒരുങ്ങുന്നത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവും, കുമരകം മേഖലാ ട്രഷററുമായ അഗ്രിസ് സദാശിവനെയാണ് എൽഡിഎഫ് സിപിഎം ചിഹ്നത്തിൽ മത്സരിപ്പിക്കുന്നത്. എൽഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ തന്ത്രങ്ങൾ മാറ്റി പരീക്ഷിച്ച് യുഡിഎഫും രംഗത്തിറങ്ങിയിട്ടുണ്ട്.
കുമരകം ഡിവിഷനിലേയ്ക്ക് നിലവിലെ ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ അംഗം പി.കെ വൈശാഖിന്റെയും, കാർഷിക വികസന ബാങ്ക് ഭരണസമിതി പ്രസിഡന്റ് ജി.ഗോപകുമാറിന്റെയും പേരുകളാണ് പരിഗണിച്ചിരുന്നത്. എന്നാൽ, ജി.ഗോപകുമാർ മത്സരത്തിനില്ലെന്ന് ഏതാണ്ട് വ്യക്തമാക്കിയിട്ടുണ്ട്. ഗോപകുമാറിനെ സ്ഥാനാർത്ഥിയായി തീരുമാനിക്കുമെന്ന പ്രതീതി വന്നതോടെ കുറിച്ചി ഡിവിഷനിലെ ജില്ലാ പഞ്ചായത്തംദം പി.കെ വൈശാകിനെ പനച്ചിക്കാട് പഞ്ചായത്തിൽ സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പി.കെ വൈശാകിനെ പനച്ചിക്കാട്ടെ പ്രചാരണം അവസാനിപ്പിച്ച് ജില്ലാ പഞ്ചായത്തിലേയ്ക്ക് തന്നെ എത്തിക്കാനുള്ള നീക്കവും സജീവമായി നടക്കുന്നുണ്ട്. നിലവിൽ കോട്ടയം ജില്ലാ പഞ്ചായത്തിലെ ഏറ്റവും മികച്ച പഞ്ചായത്തംഗങ്ങളിൽ ഒരാളാണ് പി.കെ വൈശാഖ്. കഴിഞ്ഞ തവണ കുറിച്ചി ഡിവിഷനിൽ മത്സരിച്ച് എൽ.ഡിഎഫ് കോട്ട തകർത്താണ് പി.കെ വൈശാഖ് ജില്ലാ പഞ്ചായത്തംഗമായത്. ഈ സാഹചര്യത്തിൽ കുമരകം പോലെ സിപിഎം എല്ലാക്കാലത്തും അഭിമാനമായി കൊണ്ടു നടക്കുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷൻ പിടിച്ചെടുക്കാൻ വൈശാഖിനെ തന്നെ നിയോഗിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.
പ്രാദേശിക ഡിവൈഎഫ്ഐ നേതാവിനെ എൽഡിഎഫ് രംഗത്തിറക്കിയതോടെ തന്ത്രം മാറ്റി പിടിക്കാനാണ് ഇപ്പോൾ യുഡിഎഫും ശ്രമിക്കുന്നത്. ജില്ലയിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തംഗങ്ങളിൽ ഒരാളായ പി.കെ വൈശാഖിന്റെ താരപ്പൊലിമ തന്നെ ഇക്കുറി കുമരകം ഡിവിഷനിൽ വോട്ടാക്കിമാറ്റാമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. ജി.ഗോപകുമാർ പ്രദേശവാസിയാണെങ്കിലും അവസാന നിമിഷം ഇദ്ദേഹം പിന്മാറാൻ സന്നദ്ധത കാട്ടിയതോടെയാണ് വൈശാഖിലേയ്ക്ക് കാര്യങ്ങൾ എത്തിയതെന്നാണ് സൂചന.


