ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ പാക് ബന്ധങ്ങൾ തെളിയുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പുതിയ പ്രതിരോധനയം പാക്കിസ്ഥാനെ ഓർമ്മിപ്പിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ കനത്ത മുന്നറിയിപ്പ്. “ഭീകരരെയും അവരെ പ്രോത്സാഹിപ്പിക്കുന്നവരെയും ഒരുപോലെ കാണും, ഒരുപോലെ തിരിച്ചടിക്കും എന്നതാണ് ‘ഓപ്പറേഷൻ സിന്ദൂർ’ന് ശേഷമുള്ള ഇന്ത്യൻ സേനയുടെ സമീപനം. ചർച്ചയും ഭീകരതയും ഒന്നിച്ചു നടക്കില്ല. സമാധാനത്തിന് മുന്നോട്ട് വരുന്നുവെങ്കിൽ ഇന്ത്യ സഹകരിക്കും,” ചാണക്യ ഡിഫൻസ് ഡയലോഗിൽ സംസാരിക്കവെയാണ് ജനറൽ ദ്വിവേദി പറഞ്ഞത്.ഒരു രാജ്യത്തിന്റെ ഭരണകൂടം തന്നെ ഭീകരതയെ പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും, പുരോഗതിയുടെ വഴിയിൽ തടസ്സം സൃഷ്ടിക്കുന്നവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഓപ്പറേഷൻ സിന്ദൂർ ട്രെയിലർ മാത്രം’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വെറും ട്രെയിലർ മാത്രമാണെന്നും, “പാക്കിസ്ഥാൻ ഒരവസരം തന്നാൽ എങ്ങനെയാണ് അയൽക്കാരോട് പെരുമാറേണ്ടതെന്ന് പഠിപ്പിച്ചുകൊടുക്കാം” എന്ന അഭൂതപൂർവ്വമായ മുന്നറിയിപ്പും കരസേനാ മേധാവി നൽകി.ഇന്നത്തെ യുദ്ധങ്ങൾ ബഹുതലത്തിലാണ് തുടങ്ങി കഴിഞ്ഞാൽ ആക്ഷൻ എത്രകാലം നീളുമെന്ന് പ്രവചിക്കാനാവില്ല. അതിനാൽ ആവശ്യത്തിന് ആയുധസാധനങ്ങളും പടക്കോപ്പുകളും സേനയ്ക്ക് കയ്യിലുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി ചെങ്കോട്ട സ്ഫോടനത്തെ ഭീകരാക്രമണമായി മന്ത്രിസഭാ യോഗം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്കെതിരെ നടക്കുന്ന ഏത് ഭീകരാക്രമണവും ഇന്ത്യയ്ക്കെതിരായ യുദ്ധമായാണ് കാണുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കരസേനാമേധാവിയുടെ പ്രസ്താവനകളുടെ പ്രാധാന്യം ഉയരുന്നത്.പഹൽഗാം ആക്രമണത്തിന് ശേഷമുള്ള ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിപ്പിച്ചതായി ഇതുവരെ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല; സർക്കാർ അത് “നിർത്തിവച്ചിരിക്കുകയാണെന്ന്” മാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്.


