തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ന്യൂനമർദം രൂപംകൊണ്ടതിനെ തുടർന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാദ്ധ്യതയുള്ളത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം നിലവിലുണ്ട്.
നവംബർ 22ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയ നേരിയ മുതൽ ഇടത്തരം വരെ മഴ ലഭിക്കുമെന്ന് പ്രവചിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രത നിർദേശം
കേരള–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. മോശം കാലാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്നും നിർദ്ദേശം.


